മലപ്പുറം: മലയാളം സർവകലാശാലയിലെ ക്യാമ്പസ് രാഷ്ട്രീയ നിയന്ത്രണവുമായി ബന്ധപ്പെട്ട വിവാദ പെരുമാറ്റച്ചട്ടം പരിശോധിക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് വിഷയം അടുത്ത യോഗത്തിൽ വിശദമായി പരിശോധിക്കാൻ തീരുമാനമായത്.
വിഷയം ശാസ്ത്രീയമായി പഠിക്കുന്നതിനായി വിദ്യാർഥി പ്രതിനിധികൾ അടങ്ങുന്ന ഒരു പ്രത്യേക സമിതിയെ നിയോഗിക്കും. രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഈ സമിതിയുടെ ഭാഗമായിരിക്കും. മൂന്ന് സിൻഡിക്കേറ്റ് അംഗങ്ങളെയാണ് ഈ സമിതിയുടെ മേൽനോട്ടത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
സമിതി തയ്യാറാക്കുന്ന റിപ്പോർട്ട് അടുത്ത സിൻഡിക്കേറ്റ് യോഗത്തിൽ സമർപ്പിക്കുകയും, അതിനുശേഷം തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും.
കോടതി അലക്ഷ്യം ഒഴിവാക്കുന്നതിനാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കേണ്ടി വന്നതെന്ന് വൈസ് ചാൻസലർ സിൻഡിക്കേറ്റ് യോഗത്തെയും വിദ്യാർഥി പ്രതിനിധികളെയും അറിയിച്ചു.
സർവകലാശാലയിലെ പുതിയ നിയന്ത്രണങ്ങൾക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് ക്യാമ്പസിൽ ഉയരുന്നത്. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് മുന്നിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

0 Comments