ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സഹായിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെന്ന് സംശയിക്കപ്പെടുന്ന മൂന്ന് പേർ പിടിയിൽ


ലഖ്‌നൗ: ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സഹായിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെന്ന് സംശയിക്കപ്പെടുന്ന മൂന്ന് പേർ പിടിയിൽ. സുവേന്ദു അധികാരിയുടെ പിഎ ആയിരുന്ന ചന്ദ്രനാഥ് രാഥിനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. പശ്ചിമ ബംഗാൾ, ഉത്തർ പ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച് നടത്തിയ വ്യാപകമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടാൻ സാധിച്ചതെന്ന് പൊലീസ് പറഞ്ഞു.

അക്രമിസംഘത്തിൽ പെട്ടൊരാൾ ടോൾ ബൂത്തിൽ നടത്തിയ യുപിഐ പേയ്മെന്‍റ് ട്രാക്ക് ചെയ്താണ് പ്രതികളെ പൊലീസ് വലയിലാക്കിയത്. ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ചന്ദ്രനാഥ് വെടിയേറ്റ് കൊല്ലപ്പെട്ടത്. നോർത്ത് 24 പർഗാനാസിലെ വീട്ടിനടുത്ത് വെച്ചാണ് അക്രമിസംഘം ചന്ദ്രനാഥിന് നേരെ വെടിയുതിർക്കുന്നത്. കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ സ്വന്തം കാറുകൾ ഉപേക്ഷിച്ച് മറ്റ് വാഹനങ്ങളിൽ പ്രതികൾ കടന്നുകളയുകയായിരുന്നു. കൊലപാതകികൾ ഉപയോഗിച്ചിരുന്ന മൈക്ര കാറും ബൈക്കും പൊലീസ് കണ്ടെടുത്തു.

സംഭവത്തിന് പിന്നാലെ പ്രദേശത്തെ സിസിടിവികൾ നിരീക്ഷിച്ച് പ്രതികൾ സഞ്ചരിച്ചിരുന്ന കാർ പൊലീസ് പിന്തുടർന്നു. കൊൽക്കത്തയ്ക്ക് സമീപമുളള ടോൾ ബൂത്ത് പരിസരത്ത് വെച്ചാണ് മൂവരെയും പൊലീസ് പിടികൂടിയത്. പിടിക്കപ്പെട്ട മൂന്ന് പേരും ബിഹാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കൊന്ന പ്രൊഫഷണൽ കൊലപാതകികളാണെന്നും കൊലപാതകം, മോഷണം എന്നിങ്ങനെ 15-ലേറെ ക്രിമിനൽ കേസുകൾ ഇവരുടെ പേരിലുണ്ടെന്നും പൊലീസ് അറിയിച്ചു. എട്ടോളം പേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായാണ് പൊലീസിനെ ഉദ്ദരിച്ച് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇന്നലെ പിടികൂടിയ മൂന്ന് പേരെയും ബംഗാളിലെ ബർസാത്ത് കോടതിയിൽ ഇന്ന് ഹാജരാക്കും.

Post a Comment

0 Comments