തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് സുപ്രിംകോടതിയില്‍

 



ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് സുപ്രിംകോടതിയില്‍ ഹരജി നല്‍കി. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായി നിയമിച്ചതിനെതിരെയാണ് ഹരജി. ജസ്റ്റിസ് പി.എസ് നരസിംഹയുടെ ബെഞ്ച് നാളെ ഹരജി പരിഗണിക്കും. തിങ്കളാഴ്ച വോട്ടെണ്ണല്‍ ദിനമായതിനാല്‍ ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് തൃണമൂല്‍ ആവശ്യപ്പെട്ടിരുന്നു.

ബംഗാളില്‍ നിയമസഭാ വോട്ടെണ്ണലിനോട് അനുബന്ധിച്ച് വാദപ്രതിവാദങ്ങളും ആരോപണങ്ങളും കനക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തൃണമൂല്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് പലയിടത്തും ബിജെപിയും കമ്മീഷനും ഒത്തുകളിച്ച് ക്രമക്കേടുകള്‍ നടത്തുകയാണെന്ന് തൃണമൂല്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെ സ്‌ട്രോങ് റൂമുകള്‍ക്ക് മുന്നില്‍ തൃണമൂല്‍ നേതാക്കള്‍ പ്രതിഷേധ ധര്‍ണ നടത്തിയിരുന്നു.


അതിനിടെ, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബംഗാളില്‍ നാളെ 15 ബൂത്തുകളില്‍ റീപോളിങ് പ്രഖ്യാപിച്ചിരിക്കുകയാണ്. മഗ്രാഹാത് വെസ്റ്റില്‍ 11 ബൂത്തിലും ഡയമണ്ട് ഹാര്‍ബറില്‍ 4 ബൂത്തുകളിലുമാണ് വീണ്ടും വോട്ടെടുപ്പ്. എല്ലാം സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ വരുന്ന ബൂത്തുകളാണ്. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. വോട്ടിങ്ങില്‍ ക്രമക്കേട് നടന്നതായി പരാതി ലഭിച്ചതിന്റെയും ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് റീപോളിങ് എന്നാണ് വിവരം.

ബംഗാളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നടപടി. അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടംകൂടരുത്. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ ചുറ്റളവിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഏപ്രില്‍ 23നും 29നുമായി രണ്ട് ഘട്ടമായാണ് ബംഗാളില്‍ വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന പോളിങ് ശതമാനമാണ് ഇക്കുറിയുണ്ടായത്. രണ്ടുഘട്ടത്തിലുമായി ആകെ 92.47 ശതമാനമാണ് പോളിങ്.

Post a Comment

0 Comments