ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗൺമാനും സുരക്ഷ ഉദ്യോഗസ്ഥരും മർദിച്ച സംഭവത്തിൽ സർക്കാർ നടപടി. അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ. അനിൽ, സന്ദീപ്, വിപിൻ, ഷൈജു, അരുൺ എന്നിവർക്കാണ് സസ്പെൻഷൻ.
ശക്തമായ വകുപ്പുതല നടപടി വേണമെന്ന് എസ്ഐടി ശിപാർശ ചെയ്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനും തീരുമാനമായിട്ടുണ്ട്. ഗൺമാൻ അനിൽകുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവർക്ക് പുറമേ ഷൈജു, അരുൺ, വിപിൻ എന്നീ പൊലീസ് ഉദ്യോഗസ്ഥരെയും പ്രതിചേർത്താണ് എസ് ഐ ടി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. വകുപ്പുകൾ ചുമത്താതെയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ഗുരുതര ചട്ടലംഘനമാണെന്ന് എസ്‌ഐടി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ അന്വേഷണത്തിന് ശേഷം വകുപ്പുകൾ ചുമത്തും. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
അതിനിടെ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിലെ വിവരങ്ങൾ പുറത്ത്. കേസിനു പിന്നിൽ രാഷ്ട്രീയ- വ്യക്തി വിരോധമാണ്. കേസ് കെട്ടിച്ചമച്ചതും വ്യാജവുമാണെന്നും അറസ്റ്റ് ചെയ്താൻ വിട്ടയക്കണമെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.
സംസ്ഥാനത്തെ രാഷ്ട്രീയമാറ്റം ആശങ്കയുണ്ടാക്കുന്നുവെന്നും രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ കെട്ടിച്ചമച്ച കേസാണെന്നുമാണ് പ്രതികളുടെ വാദം. എസ്ഐടി വന്നത് യുഡിഎഫ് അധികാരത്തിൽ എത്തിയ ശേഷമാണ്. അറസ്റ്റ് ചെയ്താൽ അക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നും പൊതുസമൂഹത്തിൽ അപമാനിതരാകുമെന്നും ജാമ്യാപേക്ഷയിലുണ്ട്. ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി വർഗീസ് ആണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുക.
0 Comments