ഡൽഹി: ഡൽഹിയെ എട്ട് വിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്‌സ് പ്ലെ ഓഫ് പ്രതീക്ഷകൾ സജീവമാക്കി. ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 156 റൺസ് ലക്ഷ്യം 17.3 ഓവറിൽ ചെന്നൈ സൂപ്പർ കിങ്‌സ് മറികടന്നു. 52 പന്തിൽ 87 റൺസ് സ്കോർ ചെയ്ത് സഞ്ജു സാംസൺ ചെന്നൈയുടെ വിജയശിൽപിയായി. 31 പന്തിൽ 41 റൺസുമായി കാർത്തിക് ശർമയും മികച്ച പ്രകടനം കാഴ്ചവെച്ചു.
ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 155 റൺസാണ് നേടിയത്. തുടക്കം മുതൽ ചെന്നൈ ബൗളിങ് നിരക്കുമുന്നിൽ പതറുന്ന ഡൽഹി ബാറ്റർമാരെയാണ് കണ്ടത്. മുൻനിര ബാറ്റർമാരെല്ലാം പതറിയപ്പോൾ സമീർ റിസ്‌വിയും ട്രിസ്റ്റൻ സ്റ്റബ്ബ്‌സുമാണ് ഡൽഹിയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 31 പന്തിൽ 38 റൺസാണ് സ്റ്റബ്ബ്സ് നേടിയതെങ്കിൽ 24 പന്തിൽ 40 റൺസുമായി റിസ്‌വി തിളങ്ങി. കെഎൽ രാഹുൽ (12), പത്തും നിസ്സങ്ക (19), നിതീഷ് റാണാ (15), കരുൺ നായർ (13), അക്‌സർ പട്ടേൽ (2), അശുതോഷ് ശർമ (14) എന്നിവരുടെ വിക്കറ്റുകളും ഡൽഹിക്ക് നഷ്ടമായി. മൂന്ന് ഓവറിൽ 22 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടിയ നൂർ അഹ്മദാണ് ചെന്നൈ ബൗളിങ് നിരയിൽ മികച്ച പ്രകടനം പുറത്തെടുത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സ് 15 പന്ത് ബാക്കി നിൽക്കേ ലക്ഷ്യം മറികടന്നു. ഓപ്പണറായിറങ്ങി അർധ സെഞ്ച്വറിയുമായി സഞ്ജു സാംസൺ തകർപ്പൻ ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തു. 52 പന്തിൽ ഏഴ് ഫോറും ആറ് സിക്‌സും പറത്തി 87 റൺസാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നത്. തുടക്കത്തിൽ വെറും ആറ് റൺസിൽ നിൽക്കേ ഗയിക്വാദിനെ പുറത്താക്കി എങ്കീടി ഡൽഹിക്ക് ആദ്യ വിക്കറ്റ് നൽകി. എന്നാൽ ഒമ്പത് പന്തിൽ 17 റൺസുമായി ഉർവിൽ പട്ടേലും 31 പന്തിൽ 41 റൺസുമായി കാർത്തിക് ശർമയും സപ്പോർട്ടിങ് റോൾ ചെന്നൈയെ വിജയത്തിലെത്തിച്ചു.

0 Comments