തെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക-നയതന്ത്ര സംഘർഷങ്ങൾ പുതിയ തലത്തിലേക്ക് കടക്കുന്നു. സമാധാനപരമായ മാർഗങ്ങളിലൂടെയോ അല്ലെങ്കിൽ സൈനിക നീക്കത്തിലൂടെയോ ഇറാനുമേൽ അമേരിക്ക വിജയം കൈവരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇറാനെതിരെയുള്ള നാവിക ഉപരോധം പൂർണ വിജയമാണെന്നും യുദ്ധം അവസാനിക്കുന്നതോടെ ആഗോള വിപണിയിൽ എണ്ണവില ഗണ്യമായി കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ യുദ്ധം മൂലമുണ്ടായ കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾ അമേരിക്കയിൽ ആഭ്യന്തര പ്രതിഷേധങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. രാജ്യത്ത് ഉപഭോക്തൃ വില സൂചിക ഗണ്യമായി ഉയർന്നതോടെ ജനജീവിതം ദുസഹമായിരിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കണമെന്നും വിലക്കയറ്റം നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്. ഇതിനിടെ, വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും നിർണായക ചർച്ചകൾക്കുമായി ട്രംപ് ഇന്ന് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ചൈനയിലേക്ക് തിരിക്കും.
സംഘർഷം ലഘൂകരിക്കുന്നതിനും നയതന്ത്ര പ്രശ്നപരിഹാരത്തിനും പിന്തുണ അറിയിച്ച് ചൈന രംഗത്തെത്തിയിട്ടുണ്ട്. ഇറാനുമായുള്ള തങ്ങളുടെ അടുത്ത ബന്ധം പ്രശ്നപരിഹാരത്തിനായി പ്രയോജനപ്പെടുത്താൻ തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചു. ട്രംപിന്റെ ചൈനീസ് സന്ദർശന വേളയിൽ ഈ വിഷയം പ്രധാന ചർച്ചയാകുമെന്നാണ് കരുതപ്പെടുന്നത്.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഇറാൻ-അമേരിക്കൻ സൈനിക സാന്നിധ്യം വർധിപ്പിച്ചത് യുദ്ധഭീതി ഇരട്ടിയാക്കിയിട്ടുണ്ട്. അമേരിക്കയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാൽ മാരകമായ രീതിയിൽ തിരിച്ചടിക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സ് മുന്നറിയിപ്പ് നൽകി. മേഖലയിലുടനീളമുള്ള അമേരിക്കൻ ലക്ഷ്യങ്ങൾ തങ്ങളുടെ മിസൈലുകളുടെ മുനയിലാണെന്നും ഇറാൻ വ്യക്തമാക്കി.

0 Comments