ഡൽഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്‍റെ പരാമര്‍ശത്തിന് പിന്നാലെ ഉയര്‍ന്നുവന്ന കോക്രോച്ച് ജനതാ പാർട്ടിയെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽമീഡിയ ചര്‍ച്ച ചെയ്യുന്നത്. ചര്‍ച്ച ചെയ്യുക മാത്രമല്ല, ലക്ഷണക്കണക്കിനാളുകൾ അംഗങ്ങളാവുകയും ചെയ്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ തരംഗമായതിന് പിന്നാലെ പാര്‍ട്ടിയുടെ എക്സ് അക്കൗണ്ടിന് കേന്ദ്രം പൂട്ടിട്ടതാണ് ഏറ്റവും പുതിയ വാര്‍ത്ത. 2 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള എക്സ് അക്കൗണ്ടാണ് മരവിപ്പിച്ചത്. അതേസമയം ഇന്ത്യയിൽ തിരിച്ചെത്തിയാൽ താൻ അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്ന് നിലവിൽ അമേരിക്കയിലുള്ള സിജെപിയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ പറഞ്ഞു.
'ഒടുവിൽ, ഈ രാജ്യത്ത് ഞങ്ങളെ പാറ്റകളെപ്പോലെയാണ് കാണുന്നതെന്ന് ഞങ്ങൾ മനസ്സിലാക്കി' ദിപ്കെ ദി റെഡ് മൈക്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്‌സിന്‍റെ കാര്യത്തിൽ കോക്രോച്ച് ജനതാ പാർട്ടി ബിജെപിയെ മറികടന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, "ഞങ്ങൾക്ക് കൂടുതൽ ഫോളോവേഴ്‌സ് ഉള്ളതിൽ ഞാൻ സന്തുഷ്ടനല്ല. അതുകൊണ്ട് എന്ത് സംഭവിക്കും? പ്രശ്നങ്ങൾ അതേപടി തുടരുന്നു" എന്ന് അദ്ദേഹം പറഞ്ഞു."ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയാലുടൻ ഡൽഹി പൊലീസിന്‍റെ സംഘം എന്നെ തിഹാർ ജയിലിലേക്ക് കൊണ്ടുപോകുമെന്ന് എനിക്ക് തോന്നുന്നു," ദിപ്കെ പറഞ്ഞു.
"പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു" എന്നായിരുന്നു അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടതിന്റെ സ്‌ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് അഭിജീത് കുറിച്ചത്. നിലവിൽ അഖിലേഷ് യാദവ്, മഹുവ മൊയ്ത്ര ഉൾപ്പെടെയുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കളും നിരവധി സെലിബ്രിറ്റികളും സിജെപിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
2020-നും 2023-നും ഇടയിൽ ആം ആദ്മി പാര്‍ട്ടിയുടെ സോഷ്യൽമീഡിയ വിഭാഗത്തിൽ ഉണ്ടായിരുന്നയാളാണ് 30കാരനായ അഭിജീത് ദിപ്കെ.നിലവിൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ പബ്ലിക് റിലേഷൻസിൽ മാസ്റ്റേഴ്സ് ബിരുദം ചെയ്യുകയാണ് അഭിജീത്. പാര്‍ട്ടിയുടെ എക്സ് അക്കൗണ്ട് മരവിപ്പിച്ചെങ്കിലും കോക്രോച്ച് കം ബാക്ക് എന്ന പേരിൽ പുതിയ പേജ് തുടങ്ങിയിട്ടുണ്ട്. പുതിയ പേജിൽ മണിക്കൂറുകൾക്കകം 35000 ഫോളോവേഴ്സ് പിന്നിട്ടിട്ടുണ്ട്.
കഴിഞ്ഞയാഴ്ച കോടതി നടപടിക്കിടെയാണ് യുവാക്കളെ ചീഫ് ജസ്റ്റിസ് പാറ്റകളോട് (കോക്രോച്ച്) ഉപമിച്ചത്. 'യാതൊരു തൊഴിലുമില്ലാത്ത ചില യുവാക്കളുണ്ട്. അവരില്‍ ചിലര്‍ മാധ്യമപ്രവര്‍ത്തകരും ചിലര്‍ സോഷ്യല്‍ മീഡിയ, ആര്‍ടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുന്നു. ഇവര്‍ 'കോക്രോച്ചു'കളും 'പരാന്നഭോജികളു'മാണ്' എന്നായിരുന്നു പരാമര്‍ശം.

0 Comments