പ്രതിപക്ഷ നേതാവ് പിണറായി വിജയനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. വസതിക്ക് മുന്നിലേക്ക് ഇറങ്ങിവന്നാണ് പിണറായി വിജയൻ സതീശനെ കൈപിടിച്ച് ഊഷ്മളമായി സ്വീകരിച്ചത്. സംസ്ഥാനത്തിന്റെ വികസന പദ്ധതികൾ തുടരുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും വ്യക്തമാക്കി. പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മുതിർന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാളാണെന്ന് വി.ഡി. സതീശൻ കൂട്ടിച്ചേർത്തു. അതേസമയം, സന്ദർശനത്തെക്കുറിച്ച് കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും രാഷ്ട്രീയ മര്യാദകളുടെ ഭാഗമായുള്ള കൂടിക്കാഴ്ച മാത്രമാണിതെന്നും പിണറായി വിജയൻ പ്രതികരിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സതീശൻ സന്ദർശനം നടത്തിയത്. ശാസ്തമംഗലത്തെ അടൂർ പ്രകാശിന്റെ വീട്ടിൽ നിന്നാണ് ഇവിടേക്കെത്തിയത്. പിണറായി ഭാര്യയ്ക്കും മകൾക്കും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പം വന്നാണ് സതീശനെ സ്വീകരിച്ചത്. വി.കെ പ്രശാന്ത്, കടകംപള്ളി സുരേന്ദ്രൻ, ആനാവൂർ നാഗപ്പൻ തുടങ്ങിയ സിപിഎം നേതാക്കൾ സന്ദർശനസമയത്ത് വീട്ടിലുണ്ടായിരുന്നു.
മുഖ്യമന്ത്രിയായി സതീശനെ എഐസിസി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവായി പിണറായി വിജയനെയും സിപിഎം തീരുമാനിച്ചിരുന്നു. സിപിഎം സംസ്ഥാനസമിതിയിലാണ് തീരുമാനം കൈക്കൊണ്ടത്. കഴിഞ്ഞ അഞ്ച് വർഷം നിയമസഭയിൽ സതീശൻ പ്രതിപക്ഷ നേതാവും പിണറായി മുഖ്യമന്ത്രിയുമായിരുന്നു. ഇനി പിണറായി പ്രതിപക്ഷ നേതാവും സതീശൻ മുഖ്യമന്ത്രിയുമായി സഭയിലുണ്ടാകും.
0 Comments