രാജ് മോഹൻ ഉണ്ണിത്താന്‍റെ മുന്നിൽ ഞാൻ അൽപ്പൻ തന്നെയാണ്, മറുപടി പറയുന്നില്ല. ലീഗിനെ കുറിച്ച് നടത്തിയ പരാമർശം പ്രത്യേക സാഹചര്യത്തിൽ: മാത്യു കുഴൽനാടൻ

 



മൂവാറ്റുപുഴ: രാജ്മോഹൻ ഉണ്ണിത്താന്‍റെ വിമർശനങ്ങളിൽ പ്രതികരണവുമായി മാത്യു കുഴൽനാടൻ. രാജ്മോഹൻ ഉണ്ണിത്താന്‍റെ മുന്നിൽ താൻ അൽപ്പൻ തന്നെയാണെന്നും ഇക്കാരണത്താൽ മറുപടി പറയുന്നില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ലീഗിനെ കുറിച്ച് നടത്തിയ പരാമർശം പ്രത്യേക സാഹചര്യത്തിലാണെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു.

'രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞ കാര്യങ്ങൾ മുഴുവൻ ഞാൻ കേട്ടു. അദ്ദേഹം പാർട്ടിയിലെ മുതിർന്ന നേതാവാണ്. രാജ്മോഹൻ ഉണ്ണിത്താന്‍റെ മുൻപിൽ ഞാൻ അൽപ്പൻ തന്നെയാണ്. ഇതിന് ഇക്കാരണത്താൽ കൂടുതൽ മറുപടി പറയാൻ ആഗ്രഹിക്കുന്നില്ല. നേരത്തെ, ലീഗിനെ കുറിച്ച് നടത്തിയ പരാമർശം പ്രത്യേക സാഹചര്യത്തിൽ വന്നതായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം പറയാൻ ആർക്കും സ്വാതന്ത്ര്യമുണ്ട്. മുഖ്യമന്ത്രി ചർച്ചകൾ തെരുവിലേക്ക് വലിച്ചിഴക്കരുത്. നേതാക്കളുടെ ബാനറുകൾ വലിച്ചുകീറുന്നത് കോൺഗ്രസിന് ചേർന്നതല്ല'. കുഴൽനാടൻ വ്യക്തമാക്കി.

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ കുഴൽനാടനെതിരെ വിമർശനവുമായി ഇന്ന് രാവിലെ രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരണം നടത്തിയിരുന്നു. അൽപ്പന് ഐശ്വര്യം കിട്ടിയാൽ അർധരാത്രിയും കുട പിടിക്കുമെന്നും മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് അഭിപ്രായം പറയാൻ എല്ലാവർക്കും അവകാശമുണ്ടെന്നിരിക്കെ ലീഗിനെ മാത്രം ഇതിൽ നിന്ന് ഒഴിച്ചുനിർത്താനാകില്ലെന്നും അങ്ങനെ പറയാൻ ഒരു നേതാവിനും സാധിക്കില്ലെന്നുമായിരുന്നു ഉണ്ണിത്താന്‍റെ പ്രതികരണം.

മുഖ്യമന്ത്രി ചർച്ചകളിൽ ജനവികാരം മാനിക്കണമെന്ന ലീഗ് നേതാക്കളുടെ പ്രസ്താവനക്കെതിരെ മാത്യു കുഴൽനാടൻ നടത്തിയ പ്രതികരണമാണ് ഉണ്ണിത്താനെ ചൊടിപ്പിച്ചത്. ലീഗിന്‍റെ കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടുന്നില്ലെന്നത് പോലെ കോൺഗ്രസിന്‍റെ വിഷയങ്ങളിൽ ലീഗും ഇടപെടരുതെന്നായിരുന്നു കുഴൽനാടന്‍റെ പ്രസ്താവന. പിന്നാലെ, യൂത്ത് ലീഗ് പ്രവർത്തകർ കുഴൽനാടന്‍റെ കോലം കത്തിച്ചുകൊണ്ട് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

Post a Comment

0 Comments