പ്രതിപക്ഷത്തെ ആര് നയിക്കും? സിപിഎം തീരുമാനം ഉടനില്ല, പിണറായി വിജയന്‍റെ തീരുമാനം കാത്ത് സിപിഎം

 



തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്തെ കുറിച്ചുള്ള സിപിഎമ്മിന്‍റെ തീരുമാനം ഉടനില്ല. പ്രതിപക്ഷ നേതൃസ്ഥാനത്തിൽ പിണറായി വിജയന്‍റെ തീരുമാനം കാത്ത് സിപിഎം. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സിപിഎം നേതൃയോഗത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും വിഷയം ചര്‍ച്ചയ്ക്കെടുത്തില്ല. നാളെ നടക്കുന്ന സംസ്ഥാന സമിതി യോഗത്തിന്റെ അജണ്ടയിലും പ്രതിപക്ഷ നേതൃസ്ഥാനം ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ സജീവമായിരിക്കെ, പ്രതിപക്ഷ നേതാവിനെ കുറിച്ചുള്ള സിപിഎം തീരുമാനം വൈകുന്നതാണ് ശ്രദ്ധേയമാകുന്നത്. പാര്‍ട്ടി സംസ്ഥാന സമിതി യോഗത്തിന് ശേഷം മാത്രമേ വിഷയത്തില്‍ വ്യക്തത ഉണ്ടാകൂ എന്ന സൂചനകളാണ് പുറത്തുവരുന്നത്. കേരള ഘടകം തീരുമാനിക്കട്ടെ എന്ന പൊതു നിലപാടിലേക്ക് എത്തിയെങ്കിലും പിണറായി തുടരുന്നതിൽ പിബി അംഗങ്ങളിൽ ചിലർക്ക് വിയോജിപ്പുണ്ടെന്നാണ് വിവരം.

മുഖ്യമന്ത്രിയാരെന്ന ചോദ്യത്തിന് പ്രതിപക്ഷ നേതാവാരെന്ന മറുചോദ്യത്തിൽ ചുറ്റിക്കറങ്ങുകയാണ് കേരള രാഷ്ട്രീയം. പത്ത് വർഷം നയിച്ച പിണറായി വിജയൻ തന്നെ പ്രതിപക്ഷത്തെ നയിക്കട്ടെ എന്ന അഭിപ്രായത്തിന് പാർട്ടിയിലോ മുന്നണിയിലോ പ്രത്യക്ഷത്തിൽ എതിരഭിപ്രായങ്ങളില്ല. 35 അംഗങ്ങളിലേക്ക് ചുരുങ്ങിയ പ്രതിപക്ഷ നിരയിൽ പരിചയസമ്പന്നത പ്രധാന ഘടകവുമാണ്. പലഘടകങ്ങൾ പരിഗണിച്ചാകും ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാവുക. കനത്ത തോൽവിയുടെ കാരണം എണ്ണിപ്പറഞ്ഞ് കടുത്ത വിമർശനമാണ് സിപിഎം നേതൃയോഗങ്ങളിൽ നടക്കുന്നത്. കൂട്ടത്തിൽ പിണറായി ശൈലി അടക്കമുള്ള കാര്യങ്ങളിൽ വ്യക്തി വിമർശനവും കുറവല്ല. ബ്രാഞ്ച് തലം മുതൽ തുറന്ന അവലോകനങ്ങളിലേക്ക് പോകുമ്പോൾ വിമർശനങ്ങൾ പരിധിവിടാനുള്ള സാധ്യത പാർട്ടി നേതൃത്വവും പിണറായിയും മുന്നിൽ കാണുന്നുണ്ട്. പ്രായപരിധിയിൽ ഇളവിനെ ചൊല്ലിയാണ് പിബിയിൽ മുറുമുറുപ്പ്. മുഖ്യമന്ത്രി പദവിയിലേക്ക് അനുവദിച്ച പ്രായപരിധി ഇളവ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പരിഗണിക്കേണ്ടതുണ്ടോ എന്ന അഭിപ്രായം പിബി അംഗങ്ങളിൽ ചിലർക്കുണ്ട്

Post a Comment

0 Comments