ജനവികാരം പരി​ഗണിക്കുന്നതിൽ പിഴവുണ്ടായി; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോ​ഗത്തിൽ വിമർശനം

 

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ നേതൃത്വത്തിനെതിരെ കടുത്ത വിമർശനം. സ്ഥാനാർഥി നിർണയ ഘട്ടത്തിൽ ജനവികാരം പരിഗണിക്കുന്നതിൽ നേതൃത്വത്തിന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് യോഗത്തിൽ വിമർശനം ഉയർന്നു. സംസ്ഥാന നേതാക്കളായ പി.എ മുഹമ്മദ് റിയാസ്, ടി.പി. രാമകൃഷ്ണൻ, പി.കെ. ബിജു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.

കോഴിക്കോട് ജില്ലയിൽ 10 സീറ്റുകൾ വരെ വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണ് സിപിഎമ്മിന് ആകെ ഒരു സീറ്റിൽ മാത്രം ഒതുങ്ങേണ്ടി വന്നത്. പാർട്ടി അനുഭാവികളുടെ വോട്ടുകൾക്ക് പുറമെ, പാർട്ടിയുടെ സജീവ കേഡർമാരുടെ വോട്ടുകൾ പോലും എതിർപാളയത്തിലേക്ക് പോകുന്ന സാഹചര്യം പല മണ്ഡലങ്ങളിലും ഉണ്ടായി. പാർട്ടിയുടെ ശക്തമായ സംഘടനാ സംവിധാനമുള്ള എലത്തൂർ, ബാലുശ്ശേരി, നാദാപുരം എന്നീ മണ്ഡലങ്ങളിലെ തോൽവി തീർത്തും അപ്രതീക്ഷിതമായിരുന്നു. സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകളും പാർട്ടിക്കുള്ളിലെ വിഭാഗീയതയുമാണ് ഈ മണ്ഡലങ്ങളിലെ പരാജയത്തിന് കാരണം. കോഴിക്കോട് നഗര കേന്ദ്രീകൃതമായി ബിജെപി വോട്ട് വിഹിതം വലിയ രീതിയിൽ വർധിപ്പിക്കുന്നത് പാർട്ടിക്ക് ഭീഷണിയാകുന്നുണ്ടെന്നും യോഗം വിലയിരുത്തി.

ജനഹിതം ഉൾക്കൊണ്ടുള്ള ശക്തമായ തിരുത്തൽ നടപടികളിലേക്ക് പാർട്ടി കടക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. താഴെത്തട്ടിൽ ഇറങ്ങി അണികളുടെയും ജനങ്ങളുടെയും പ്രശ്നങ്ങൾ നേരിട്ട് കേട്ട്, ജനകീയ അടിത്തറ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലേക്ക് ഉടൻ കടക്കാനാണ് ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം.

Post a Comment

0 Comments