മുഖ്യമന്ത്രി ചർച്ച: 'ഹൈക്കമാൻ്റ് തീരുമാനം വന്നാൽ കൂടിയാലോചിച്ച് നിലപാട് പറയും'; സതീശൻ അനുകൂല നിലപാടിലുറച്ച് മുസ്‌ലിം ലീഗ്

 

മലപ്പുറം: കേരളത്തിൽ പുതിയ യുഡിഎഫ് സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുമ്പോൾ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന നിലപാടിൽ മുസ്‌ലിം ലീഗ് ഉറച്ചുനിൽക്കുന്നു. പാണക്കാട് നടന്ന നിർണായകമായ ലീഗ് നേതൃയോഗത്തിന് ശേഷമാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാന്റ് ഔദ്യോഗിക തീരുമാനം അറിയിക്കുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഡൽഹിയിൽ നിന്നുള്ള ഹൈക്കമാന്റ് തീരുമാനം വൈകാതെ ഉണ്ടാകുമെന്നാണ് ലീഗ് പ്രതീക്ഷിക്കുന്നത്. തീരുമാനം വന്നാലുടൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ബാക്കി കാര്യങ്ങൾ ആലോചിച്ച് പ്രഖ്യാപിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഗവൺമെന്റ് രൂപീകരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തീരുമാനിക്കാൻ യോഗം സാദിഖലി തങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് വൈകുന്നത് ഭരണസ്തംഭനത്തിന് കാരണമാകില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഒരാഴ്ചയൊക്കെ സമയം എടുക്കുന്നത് സ്വാഭാവികമാണെന്നും, ഉത്തരവാദിത്തപ്പെട്ട ഒരു കാര്യമായതിനാൽ ഹൈക്കമാന്റ് കൃത്യമായ സമയമെടുത്ത് തീരുമാനിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്നത് യുഡിഎഫ് ഭരണമാണെന്ന് ഉദ്യോഗസ്ഥർക്ക് അറിയാമെന്നും അതിനാൽ അവർ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനമായാൽ ഉടൻ തന്നെ മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക് ലീഗ് കടക്കും. അഞ്ച് മന്ത്രിസ്ഥാനങ്ങൾ ലീഗ് പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ ഉപമുഖ്യമന്ത്രി സ്ഥാനത്തിനായുള്ള അവകാശവാദവും ലീഗ് ഉന്നയിച്ചേക്കും. പി.കെ. കുഞ്ഞാലിക്കുട്ടി തന്നെയാകും മന്ത്രിസഭയിൽ ലീഗിനെ നയിക്കുകയെന്നാണ് സൂചനകൾ. കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ തുടങ്ങിയവരുടെ പേരുകളും ചർച്ചകളിൽ സജീവമാണ്.

Post a Comment

0 Comments