ചെന്നൈ: തമിഴ്‌നാട്ടിൽ ഏറ്റവുംവലിയ ഒറ്റകക്ഷിയായി തിരഞ്ഞെടുക്കപ്പെട്ട വിജയ്‌യുടെ പാർട്ടിയായ ടിവികെ ഇടതുപക്ഷത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. കേവലഭൂരിപക്ഷത്തിന് വേണ്ട 118 എന്ന മാന്ത്രിക സംഖ്യ തികയ്ക്കാൻ സിപിഐയുടെയും സിപിഎമ്മിന്റെയും പിന്തുണ അനിവാര്യമാണ്.
കൂടാതെ, തോൾ തിരുമാവളന്റെ വിസികെയുടെയും പിന്തുണ വിജയ് തേടിയിട്ടുണ്ട്. രണ്ട് സീറ്റുകൾ വീതമാണ് മൂന്ന് പാർട്ടികൾക്കും ഉള്ളത്. ഇന്ന് യോഗംചേർന്ന് തീരുമാനം അറിയിക്കാമെന്ന് മൂന്ന് പാർട്ടികളും പറഞ്ഞിരിക്കുന്നത്. ഡിഎംകെ സഖ്യകക്ഷികളാണ് ഈ പാർട്ടികൾ. ഡിഎംകെയിൽനിന്നുള്ള സമ്മർദ്ദം കൂടി കണക്കിലെടുത്താകും ഇവരുടെ തീരുമാനം.
ഡിഎംകെ സഖ്യകക്ഷിയായിരുന്ന കോൺഗ്രസ് നേരത്തെ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അഞ്ച് സീറ്റുകൾ മാത്രമാണ് കോൺഗ്രസിനുള്ളത്. 108 സീറ്റുകളാണ് ടിവികെയ്ക്കുള്ളത്. സർക്കാർ രൂപീകരണത്തിന് വിജയ് രണ്ടുതവണ ഗവർണറെ കണ്ടെങ്കിലും കേവലഭൂരിപക്ഷത്തിന് വേണ്ട എംഎൽഎമാരുടെ പിന്തുണയില്ലെന്ന് ചൂണ്ടിക്കാട്ടി തിരിച്ചയക്കുകയായിരുന്നു.
മറുഭാഗത്ത് എടപ്പാടി പളനിസ്വാമി ഡിഎംകെയുമായി ചേർന്ന് സർക്കാർ രൂപീകരണത്തിന് നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. അധികാരനഷ്ടം ഒഴിവാക്കാൻ രാഷ്ട്രീയ എതിരാളികളായ അണ്ണാ ഡി.എം.കെ.യുമായി ചേർന്ന് മന്ത്രിസഭയുണ്ടാക്കണമെന്ന ആവശ്യം ഡി.എം.കെ.യിൽ ഒരുവിഭാഗം ഉന്നയിക്കുന്നുണ്ടെങ്കിലും സ്റ്റാലിൻ ഇതിന് തയ്യാറായിട്ടില്ല. പ്രതിപക്ഷത്തിരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് സ്റ്റാലിൻ കഴിഞ്ഞദിവസം ചേർന്ന നിയമസഭാ കക്ഷിയോഗത്തെ അറിയിച്ചത്. എന്നാൽ, പാർട്ടിയുടെ ഭാവിക്കായി ചില നിർണായക തീരുമാനങ്ങൾ എടുക്കേണ്ടിവരുമെന്നും എംഎൽഎമാർ ചെന്നൈ വിട്ട് പോകരുതെന്നും സ്റ്റാലിൻ നിർദേശിച്ചിട്ടുണ്ട്.
എൻഡിഎ ഘടകക്ഷിയായ എഐഎഡിഎംകെയുമായി ചേർന്ന് സർക്കാരുണ്ടാക്കാൻ തീരുമാനിച്ചാൽ ഘടകക്ഷികളായ ഇടതു പാർട്ടികളും രണ്ട് സീറ്റുള്ള മുസ്‌ലിംലീഗും ഒപ്പം നിൽക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോഴും ഡിഎംകെയ്ക്ക് ഒപ്പം നിൽക്കുമെന്നാണ് ലീഗ് അറിയിച്ചിരുന്നത്. അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി എം.എൽ.എ.മാരുമായുള്ള ചർച്ചയ്ക്കായി പുതുച്ചേരിയിലാണ്. എംഎൽഎമാരുടെ പിന്തുണ അദ്ദേഹം ഒപ്പിട്ട് വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. ഇന്നലെ അദ്ദേഹം ഗവർണറെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും ഡിഎംകെയുടെ പിന്തുണ ഉറപ്പാക്കാൻ കഴിയാതിരുന്നതിനാൽ കൂടിക്കാഴ്ച മാറ്റിവെക്കുകയായിരുന്നു.
നാടകീയതകൾ തുടരന്നതിനിടെ സർക്കാർ രൂപീകരിക്കാൻ സാധിച്ചില്ലെങ്കിൽ മുഴുവൻ എംഎൽഎമാരും രാജിവെക്കുമെന്ന ഭീഷണി ടിവികെ മുഴക്കിയിട്ടുണ്ട്.

0 Comments