ഇറ്റലിയില്‍ മോദിയുടെ മിഠായി കൊടുക്കല്‍; മധുരം നുണഞ്ഞത് ഇന്ത്യന്‍ നിക്ഷേപകര്‍

 



പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജിയോര്‍ജിയോ മെലാനിക്ക് ഒരു പാക്കറ്റ് മിഠായി നല്‍കിയപ്പോള്‍ കുതിച്ചത് ഒരു കമ്പനിയുടെ ഓഹരിയാണ്. പാര്‍ലെ ഇന്‍ഡസ്ട്രീയുടെ ഓഹരികളാണ് വിപണിയില്‍ കുതിച്ചത്. ഇന്ന് അഞ്ച് ശതമാനം നേട്ടമാണ് കമ്പനിക്കുണ്ടായത്. ഓഹരിവില 5.25 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ ഓഹരിവില ഏഴ് ശതമാനമാണ് ഉയര്‍ന്നത്.

ഇന്ന് ഉച്ചക്ക് വരെ നഷ്ടത്തില്‍ വ്യാപാരം നടത്തിയിരുന്ന ഓഹരിയാണ് മോദി മെലാനിക്ക് മിഠായി നല്‍കിയതോടെ കുതിച്ചത്. പിന്നീട് ഓഹരി അപ്പര്‍ സര്‍ക്യൂട്ട് ഭേദിക്കുകയും ചെയ്തു. ഓഹരിയുടെ പ്രതിദിന വിലക്കയറ്റത്തിന്റെ നിയന്ത്രണപരിധിയെയാണ് അപ്പര്‍ സര്‍ക്യൂട്ട് എന്ന് പറയുന്നത്.

എന്നാല്‍, പാര്‍ലെ ഇന്‍ഡസ്ട്രി വന്‍ നേട്ടം ഓഹരി വിപണിയില്‍ ഉണ്ടാക്കിയതിന് പിന്നാലെ യഥാര്‍ഥത്തിലുള്ള ട്വിസ്റ്റ് പുറത്തായത്.

മോദി നല്‍കിയ മിഠായിയുടെ നിര്‍മാതാക്കള്‍ ഓഹരി വിപണിയില്‍ നേട്ടമുണ്ടാക്കിയ പാര്‍ലെ ഇന്‍ഡസ്ട്രീസ് അല്ലെന്നുളളതായിരുന്നു വാര്‍ത്തയിലെ ട്വിസ്റ്റ്. എഫ്എംസിജി രംഗത്തെ പ്രമുഖരായ പാര്‍ലെ പ്രൊഡക്‌സ് ആണ് മോദി നല്‍കിയ മെലഡി മിഠായിയുടെ നിര്‍മാതാക്കള്‍. പാര്‍ലെ-ജി, മൊണോക്കോ, ക്രാക്ക് ജാക്ക്, മാംഗോ ബെറ്റ്, പോപ്പിന്‍സ് തുടങ്ങിയ ഉല്‍പന്നങ്ങളുടേയും നിര്‍മാതാക്കള്‍ പാര്‍ലെ പ്രൊഡക്ട്‌സാണ്.

അതേസമയം, മോദിയുടെ മിഠായി കൊടുക്കലിലൂടെ തങ്ങള്‍ക്ക് ആഗോള ശ്രദ്ധ ലഭിച്ചതായി പാര്‍ലെ പ്രൊഡക്ട്‌സ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ സന്തോഷമുണ്ടെന്നും കമ്പനി അറിയിച്ചു. മോദി മിഠായി നല്‍കുന്ന വിഡിയോ ഇറ്റാലിയന്‍ പ്രധാനമന്ത്രി മെലാനി പങ്കുവെച്ചതോടെയാണ് സംഭവം വൈറലായത്.

Post a Comment

0 Comments