'തല' ധോണിയുടെ വിരമിക്കൽ പ്രഖ്യാപനം ചെപ്പോക്കിൽ നടന്നേക്കും?; മത്സരശേഷം കാണികളോട് സ്റ്റേഡിയത്തിൽ തുടരാൻ നിർദേശം

 



ചെന്നൈ: ചെന്നൈയുടെ പ്രിയപ്പെട്ട തല എം.എസ്. ധോണി തന്റെ വിരമിക്കൽ പ്രഖ്യാപനം ഇന്ന് നടത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൺറൈസേഴ്സിനെതിരെ തിങ്കളാഴ്ച ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിങ്‌സ് സീസണിലെ തങ്ങളുടെ അവസാന ഹോം മത്സരത്തിന് ഇറങ്ങുകയാണ്. മത്സരശേഷം കാണികളോട് സ്റ്റേഡിയത്തിൽ തന്നെ തുടരാൻ സിഎസ്കെ മാനേജ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതെല്ലാം വിരൽ ചൂണ്ടുന്നത് ഒരേയൊരു പേരിലേക്കാണ്; മഹേന്ദ്ര സിങ് ധോണി എന്ന അതികായന്റെ പടിയിറക്കത്തിലേക്ക്.

അഞ്ച് വർഷം മുമ്പ് 2021-ൽ ചെന്നൈ തങ്ങളുടെ അവസാന ഐപിഎൽ കിരീടം നേടിയപ്പോൾ ധോണി അന്ന് പറഞ്ഞിരുന്നത് ചെന്നൈയിൽ തന്റെ അവസാന ടി20 മത്സരം കളിക്കണം എന്നാണ്.


"ഞാൻ എപ്പോഴും എന്റെ ക്രിക്കറ്റ് കൃത്യമായി പ്ലാൻ ചെയ്യാറുണ്ട്. ഞാൻ കളിച്ച അവസാന ടെസ്റ്റ് മത്സരം റാഞ്ചിയിലായിരുന്നു. ഏകദിനത്തിലെ എന്റെ അവസാന ഹോം മത്സരവും എന്റെ സ്വന്തം നാടായ റാഞ്ചിയിലായിരുന്നു. അതുകൊണ്ട്, എന്റെ അവസാന ടി20 മത്സരം ചെന്നൈയിലായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അത് അടുത്ത വർഷമാണോ അതോ അഞ്ച് വർഷത്തിന് ശേഷമാണോ എന്ന് അറിയില്ല," അഞ്ച് വർഷം മുമ്പ് തന്റെ വിരമിക്കൽ സമയപരിധിയെക്കുറിച്ച് സൂചന നൽകിക്കൊണ്ട് ധോണി പറഞ്ഞു.


ആ സമയപരിധി തിങ്കളാഴ്ച ചെന്നൈയിൽ അവസാനിക്കാനിരിക്കുകയാണ്. 2026 ഐപിഎൽ സീസണിലെ അവസാന ഹോം മത്സരത്തിൽ ധോണി കളിച്ചേക്കുമെന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിലെ സീസണിൽ ടീമിനൊപ്പം ധോണിയുണ്ടെങ്കിലും ഒരു മത്സരത്തിൽ പോലും താരത്തിന് ഇറങ്ങാൻ സാധിച്ചിട്ടില്ല. പരിക്കുകൾ മൂലം ഡ്രസിങ് റൂമിൽ ഒതുങ്ങിപ്പോയ ധോണി ഇന്ന് കളത്തിലിറങ്ങിയേക്കുമെന്ന് സൂചനകളുമുണ്ട്.


പ്ലേഓഫ് സാധ്യതകളും ഇന്നത്തെ മത്സരവും


നിലവിലെ സീസണിൽ പ്ലേഓഫ് സാധ്യതകൾ സജീവമാക്കി നിർത്തണമെങ്കിൽ ചെന്നൈ സൂപ്പർ കിങ്സിന് ഇന്ന് ജയം അനിവാര്യമാണ്. അതേസമയം ജയത്തോടെ സൺറൈസേഴ്‌സ് ഹൈദരാബാദ് തങ്ങളുടെ പ്ലേഓഫ് ബെർത്ത് ഉറപ്പിക്കാനാണ് പ്രതീക്ഷിക്കുന്നത്. ഹൈദരാബാദ് ഇന്ന് ജയിക്കുകയാണെങ്കിൽ ഗുജറാത്ത് ടൈറ്റൻസിനും ശുഭസൂചനയാണ്; കാരണം അവർക്കും അതിലൂടെ പ്ലേഓഫ് ഉറപ്പിക്കാം.പോയിന്റ് പട്ടികയിൽ 12 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ചെന്നൈയുടെ സ്ഥാനം. ജയിച്ചാൽ പഞ്ചാബിനെ മറികടന്ന് ടോപ് ഫോറിലേക്ക് മുന്നേറാൻ സാധിക്കും.


ധോണിയുടെ ഐപിഎൽ കരിയർ ഒറ്റനോട്ടത്തിൽ


2008-ൽ ഏകദേശം 14 കോടി രൂപയ്ക്കാണ് ഐക്കൺ പ്ലെയറായി അന്നത്തെ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയെ ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കുന്നത്. ലേലത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ കടുത്ത പോരാട്ടത്തിനൊടുവിലാണ് ധോണിയെ ചെന്നൈ തങ്ങളുടെ തട്ടകത്തിൽ എത്തിക്കുന്നത്. ഫ്രാഞ്ചൈസിക്ക് വിലക്ക് നേരിട്ട 2016-ലും 2017-ലും അല്ലാതെ ബാക്കിയെല്ലാ സീസണിലും ധോണി ചെന്നൈയുടെ മഞ്ഞക്കുപ്പായം മാത്രമാണ് അണിഞ്ഞിട്ടുള്ളത്.


മത്സരങ്ങൾ: 256


റൺസ്: 5141


പ്ലേഓഫ് യോഗ്യതകൾ: 12 തവണ


ഫൈനലുകൾ: 10 തവണ


കിരീടങ്ങൾ: 5

Post a Comment

0 Comments