ചെന്നൈ: പ്രമുഖ നിര്‍മാതാവും ഫൈനാൻസറും നടൻ ജീവയുടെ പിതാവുമായ ആർ.ബി ചൗധരി (72) അന്തരിച്ചു. ചൊവ്വാഴ്ചയായിരുന്നു അപകടം. ബന്ധുവിന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ രാജസ്ഥാനിലേക്ക് പോയതായിരുന്നു ചൗധരി. ജോധ്പൂരിൽ വച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ബാരിക്കേഡിൽ ഇടിച്ച് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് അദ്ദേഹം മരിച്ചത്മൃ തദേഹം ബുധനാഴ്ച ചെന്നൈയിലെത്തിക്കും.
തമിഴ്, തെലുഗു, ഹിന്ദി, മലയാളം ചിത്രങ്ങളിലാണ് ചൗധരി പ്രവർത്തിച്ചിരുന്നത്. 1988 ലാണു സൂപ്പർ ഗുഡ് ഫിലിംസ് ബാനറിൽ ആർ.ബി.ചൗധരി സിനിമകൾ നിർമിക്കാൻ തുടങ്ങിയത്. 1990-ൽ പുറത്തിറങ്ങിയ തമിഴ് സിനിമ ‘പുതുവസന്തം’ ആണ് ആദ്യ ചിത്രം. ഈ ചിത്രത്തിലൂടെ തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് ചൗധരിക്ക് ലഭിച്ചു. വിജയ്, വെങ്കിടേഷ്, ശരത്കുമാർ തുടങ്ങിയ താരങ്ങളെ നായകൻമാരാക്കി നിരവധി ഹിറ്റ് ചിത്രങ്ങൾ നിര്‍മിച്ചിട്ടുണ്ട്.
കെ.എസ് രവികുമാറിന്റെ ആദ്യ സിനിമയായ ‘പുരിയാത പുതിർ’ (1990) എന്ന ചിത്രവും ചൗധരി നിർമിച്ചു. ചേരൻ പാണ്ടിയൻ (1991), ഊർ മരിയാധൈ (1992), ഗോകുലം 1993), നാട്ടാമൈ (1994), പൂവൈ ഉനക്കാഗെ (1996), സുന്ദര പുരുഷൻ (1996), മിസ്റ്റർ റോമിയോ (1996), കീർത്തിചക്ര (2006), മാരീസൻ (2025) തുടങ്ങിയവ ആർ.ബി.ചൗധരി നിർമിച്ച ചിത്രങ്ങളാണ്.

0 Comments