ഇന്ധന പ്രതിസന്ധി; തിങ്കളും വെള്ളിയും സുപ്രിംകോടതി ഓൺലൈനിലേക്ക്, പകുതിയോളം ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി

 



ന്യൂഡല്‍ഹി: രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇന്ധനപ്രതിസന്ധി കണക്കിലെടുത്ത് സുപ്രിംകോടതിയില്‍ ഇനിമുതൽ രണ്ട് ദിവസം വിര്‍ച്വല്‍ വാദം. അഭിഭാഷകര്‍ ആഴ്ചയില്‍ രണ്ട് ദിവസം സുപ്രിംകോടതിയില്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കുലര്‍ പുറത്തിറക്കി. തിങ്കളാഴ്ചയും വെള്ളിയാഴ്ചയും ഓണ്‍ലൈനായി വാദം കേള്‍ക്കും. രാജ്യത്തെ ഇന്ധനപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്ധനം ലാഭിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെയാണ് സുപ്രിംകോടതിയുടെ തീരുമാനം.

ജൂണ്‍, ജൂലൈ മാസങ്ങളിലെ തിങ്കള്‍, വെള്ളി ദിവസങ്ങളിലും മറ്റ് ഭാഗിക പ്രവൃത്തിദിവസങ്ങളിലും കോടതി നടപടികള്‍ പൂര്‍ണമായും വിഡിയോ കോണ്‍ഫറന്‍സിങ് വഴി മാത്രമായിരിക്കും നടക്കുക. സുപ്രിംകോടതി രജിസ്ട്രിയിലെ പകുതിയോളം ജീവനക്കാര്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാനും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അനുമതി നല്‍കിയിട്ടുണ്ട്. രാജ്യത്ത് പെട്രോള്‍, ഡീസല്‍ വലി ലിറ്ററിന് മൂന്ന് രൂപ വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കത്തിലേക്ക് സുപ്രിംകോടതി തയ്യാറായത്.

രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെ പെട്രോളിനും ഡീസലിനും വില വര്‍ധിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പെട്രോള്‍, ഡീസല്‍ എന്നിവയുടെ ഉപഭോഗം കുറക്കുന്നതിനായുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം വരുംദിനങ്ങളില്‍ ഇന്ധന വില ഇനിയും ഉയരുമെന്നുള്ളതിന്റെ സൂചനയാണെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

വര്‍ക്ക് ഫ്രം ഹോം രീതിക്ക് പ്രാധാന്യം നല്‍കുക, സ്വര്‍ണം വാങ്ങല്‍ കുറയ്ക്കുക തുടങ്ങിയ വിവിധ നിര്‍ദേശങ്ങളുമായി ജനങ്ങളോട് ജീവിതശൈലിയില്‍ മാറ്റംവരുത്താന്‍ കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് നടപടി. രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി വിദേശയാത്രകളും വിദേശത്ത് നടത്തുന്ന വിവാഹങ്ങളും ഒഴിവാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്.

Post a Comment

0 Comments