ജോലിക്കിടെ ഒട്ടകത്തിന്റെ ആക്രമണം: ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

 

റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽപ്പെട്ട ഹഫർ അൽ ബാത്തിനിൽ ഒട്ടകത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു. ഗൂഡല്ലൂർ സ്വദേശിയായ തങ്കദുരൈ രാമസാമി (51) ആണ് മരിച്ചത്. വർഷങ്ങളായി ഹഫർ അൽ ബാത്തിന് സമീപമുള്ള മരുഭൂമിയിൽ ആട്ടിടയനായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.

ജോലിക്കിടെ അപ്രതീക്ഷിതമായി ഒട്ടകത്തിന്റെ ആക്രമണം ഉണ്ടാവുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. ഉടൻ തന്നെ ഹഫർ അൽ ബാത്തിൻ സെൻട്രൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം അന്ത്യം സംഭവിച്ചു.

ഇന്ത്യൻ എംബസിയുടെയും ഹഫർ അൽ ബാത്തിൻ ഒ.ഐ.സി.സി പ്രവർത്തകരായ വിബിൻ മറ്റത്ത്, സമദ് കരുനാഗപ്പള്ളി എന്നിവരുടെയും നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു. ചെന്നൈയിൽ വെച്ച് ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം സ്വദേശത്ത് സംസ്‌കരിച്ചു.

Post a Comment

0 Comments