മലപ്പുറം: കാളികാവിനടുത്ത് തുവ്വൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് റെയിൽവേ മേൽപ്പാലത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. ചൊവ്വാഴ്ച പുലർച്ചെ 3.30ഓടെ നിലമ്പൂർ - ഷൊർണ്ണൂർ മെമു ട്രെയിനിന് മുകളിലേക്കാണ് തുവ്വൂർ കമാനം മേൽപ്പാലത്തിന്റെ ഭിത്തി തകർന്നുവീണത്.
ട്രെയിൻ സാവധാനത്തിലായിരുന്നതിനാൽ വലിയൊരു അപകടം ഒഴിവായെങ്കിലും റെയിൽവേ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. അപകടത്തിൽ നിലമ്പൂർ-ഷൊർണ്ണൂർ മെമുവിന് കേടുപാടുകൾ സംഭവിച്ചു. തിരുവനന്തപുരം-നിലമ്പൂർ രാജ്യറാണി എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ വൈകി.
അഗ്നിരക്ഷാസേനയും റെയിൽവേ ഉദ്യോഗസ്ഥരും ചേർന്ന് ട്രാക്കിലെ മണ്ണും കല്ലുകളും നീക്കം ചെയ്ത ശേഷം രാവിലെ 7.45-ഓടെയാണ് ഗതാഗതം സാധാരണ നിലയിലായത്.അപകടത്തെ തുടർന്ന് റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. മെമു ട്രെയിൻ നിലമ്പൂരിലേക്ക് തിരിച്ചുവിട്ടെങ്കിലും രാജ്യറാണി എക്‌സ്പ്രസ് രണ്ടര മണിക്കൂറിലധികം വൈകിയാണ് യാത്ര തുടർന്നത്.
റെയിൽപാത നവീകരണത്തിന്റെ ഭാഗമായി മാസങ്ങൾക്ക് മുൻപാണ് ഈ മേൽപ്പാലം നവീകരിച്ചത്. എന്നാൽ, സംരക്ഷണഭിത്തിയുടെ നിർമാണം അശാസ്ത്രീയവും ദുർബലവുമാണെന്ന് നാട്ടുകാർ നേരത്തെ തന്നെ അധികൃതരെ അറിയിച്ചിരുന്നു. ഈ പരാതികൾ അവഗണിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് ഉയരുന്ന ആക്ഷേപം.

0 Comments