തിരുവനന്തപുരം: വി.ഡി. സതീശന് അനുകൂലമായ രാഷ്ട്രീയ തരംഗം കേരളത്തിൽ ശക്തമാണെന്ന് എഐസിസി നിയോഗിച്ച ഏജൻസികളുടെ റിപ്പോർട്ട്. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താൻ ഹൈക്കമാൻഡ് നിയോഗിച്ച ഏജൻസികളാണ് ഇതുസംബന്ധിച്ച വിവരങ്ങൾ കൈമാറിയത്. പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ തൃപ്തരാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വെറും എംഎൽഎമാരുടെ പിന്തുണ മാത്രം കണക്കിലെടുത്ത് നേതൃമാറ്റത്തിലോ മറ്റ് നിർണ്ണായക കാര്യങ്ങളിലോ തീരുമാനമെടുക്കുന്നത് പ്രായോഗികമല്ലെന്ന തിരിച്ചറിവിലാണ് ഹൈക്കമാൻഡ് ഇത്തരമൊരു 'ഷാഡോ ഏജൻസി'യെ ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കാൻ നിയോഗിച്ചത്. താഴെത്തട്ടിൽ നടത്തിയ സർവേകൾ സതീശന്റെ ജനപ്രീതി ഉയരുകയാണെന്ന് അടിവരയിടുന്നു.
റിപ്പോർട്ടിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തൽ മലബാർ മേഖലയിൽ സതീശന് ലഭിക്കുന്ന അപ്രതീക്ഷിത പിന്തുണയാണ്. മലബാറിലെ പല മണ്ഡലങ്ങളിലും വി.ഡി സതീശൻ അനുകൂല വികാരം ആഞ്ഞടിക്കുകയാണെന്ന് ഏജൻസി ചൂണ്ടിക്കാട്ടുന്നു. കെ.സി വേണുഗോപാലിനെ പിന്തുണയ്ക്കുന്ന ഗ്രൂപ്പിൽപ്പെട്ട എംഎൽഎമാർക്ക് പോലും സ്വന്തം മണ്ഡലങ്ങളിൽ വലിയ തോതിലുള്ള വെല്ലുവിളികൾ നേരിടേണ്ടി വരുന്നുണ്ട്. പലയിടങ്ങളിലും പൊതുപരിപാടികളിലും സ്വീകരണ ചടങ്ങുകളിലും പങ്കെടുക്കാൻ എത്തുന്ന എംഎൽഎമാരോട്, സതീശനെ പിന്തുണയ്ക്കണമെന്ന് പ്രവർത്തകർ നേരിട്ട് ആവശ്യപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നു.
എംഎൽഎമാരുടെ എണ്ണത്തിൽ ഒരുപക്ഷേ പിന്നിലാണെങ്കിൽ പോലും, ജനപിന്തുണയുടെ കാര്യത്തിൽ സതീശനെ മാറ്റിനിർത്തുന്നത് പാർട്ടിയുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന സൂചനയാണ് ഏജൻസി ഹൈക്കമാൻഡിന് നൽകിയിരിക്കുന്നത്. എംഎൽഎമാർക്കിടയിലെ ഗ്രൂപ്പ് സമവാക്യങ്ങളേക്കാൾ ഉപരിയായി കേരളത്തിലെ വോട്ടർമാരുടെ വികാരം കൂടി പരിഗണിച്ചാകണം ഭാവി തീരുമാനങ്ങൾ എടുക്കേണ്ടതെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. സതീശനെ അവഗണിച്ചുകൊണ്ട് മുന്നോട്ട് പോകുന്നത് വലിയ രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുമെന്ന ഗൗരവകരമായ മുന്നറിയിപ്പും ഇതിലുണ്ട്.
0 Comments