നയ്പിഡോ: മ്യാൻമറിൽ പട്ടാളഭരണം പിടികൂടി തടവിലാക്കിയ ഓങ് സാൻ സ്യൂചിയെ വീട്ടുതടങ്കലിലേക്ക് മാറ്റി. ബുദ്ധപൂർണിമ പ്രമാണിച്ച് തടവുകാർക്ക് നൽകിയ പൊതുമാപ്പിന്‍റെ ഭാഗമായാണ് നടപടി. വീട്ടുതടങ്കലിലേക്ക് മാറ്റിയ വിവരം വ്യാഴാഴ്ച രാത്രിയാണ് ഭരണകൂടം അറിയിച്ചത്. ഇവരുടെ ആകെ ശിക്ഷാ കാലാവധിയിൽ നിന്ന് ആറിൽ ഒന്ന് കുറച്ചതായാണ് വിവരം. നിലവിൽ ഏകദേശം 18 വർഷം ശിക്ഷയാണ് അവർക്ക് ബാക്കിയുള്ളത്.
2021 ഫെബ്രുവരി ഒന്നിന് പട്ടാളം ഭരണം പിടിച്ചെടുത്തതിന് പിന്നാലെ സ്യൂചിയെ പൊതുജനമധ്യത്തിൽ കണ്ടിരുന്നില്ല. 2021 മെയ് 24-ന് കോടതിയിൽ കോടതിയിൽ കൊണ്ടുവന്നപ്പോഴാണ് ഇവരുടെ ചിത്രം പുറംലോകം കാണുന്നത്. വീട്ടുതടങ്കലിലേക്ക് മാറ്റുന്നത് അവർക്ക് ലഭിക്കുന്ന സ്വാതന്ത്ര്യമല്ലെന്ന് ഇളയമകൻ കിം ആരിസ് പ്രതികരിച്ചു. അമ്മ ജീവനോടെയുണ്ടെന്നതിന് തെളിവ് നൽകണമെന്നും മകൻ ആവശ്യപ്പെട്ടു.
അമ്മയെ വീട്ടുതടങ്കലിലേക്ക് മാറ്റുകയെന്നത് അവർക്ക് ലഭിക്കുന്ന സ്വാതന്ത്ര്യമല്ലെന്നാണ് ഞാൻ കരുതുന്നത്. അവർ ജീവനോടെയുണ്ടെന്നാണെങ്കിൽ തെളിവ് നൽകട്ടെ. അങ്ങനെയെങ്കിൽ മാത്രമേ അവരുമായി സംസാരിക്കാനും അവരെ സ്വതന്ത്രയാക്കാനുള്ള നടപടികളിലേക്കും കടക്കാനാകുകയുള്ളൂ'. കിം ആരിസ് കൂട്ടിച്ചേർത്തു.
ബുദ്ധമത അവധി ദിനവുമായി ബന്ധപ്പെട്ട് തടവുകാർക്ക് മാപ്പ് നൽകുന്നതിന്‍റെ ഭാഗമായാണ് സ്യൂചിയുടെ ശിക്ഷ കുറച്ചതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മ്യാൻമർ മുൻ ഭരണാധികാരിയും നൊബേൽ ജേതാവുമായ ഓങ് സാൻ സ്യൂചിയെ പട്ടാള ഭരണകൂടത്തിനെതിരെ പ്രവർത്തിച്ചതിനും കോവിഡ് നിയമങ്ങൾ ലംഘിച്ചതിനുമാണ് ശിക്ഷിച്ചിരിക്കുന്നത്. സെക്ഷൻ 505(B) പ്രകാരം രണ്ട് വർഷവും ദുരന്തനിവാരണ നിയമപ്രകാരം രണ്ട് വർഷവുമാണ് ആദ്യം ശിക്ഷ വിധിച്ചിരുന്നത്. പിന്നീട്, ഔദ്യോഗിക രഹസ്യനിയമം, തെരഞ്ഞെടുപ്പ് തട്ടിപ്പ് തുടങ്ങിയ നിരവധി കുറ്റാരോപണങ്ങളും പട്ടാള ഭരണകൂടം ചുമത്തുകയായിരുന്നു.
കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ പട്ടാള ഭരണകൂടം വിലക്കിയിരുന്നു. മാധ്യമങ്ങളോട് സംസാരിക്കുന്നതിന് സ്യൂചിയുടെ അഭിഭാഷകനും വിലക്കേർപ്പെടുത്തിയിരുന്നു. പട്ടാളഭരണം പിടിച്ചെടുത്തത് മുതൽ 1,300 പേർ കൊല്ലപ്പെട്ടതായും പതിനായിരത്തിലേറെ പേർ തടവിൽ കഴിയുന്നതുമായാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്.

0 Comments