ന്യൂഡൽഹി: ഇന്ത്യയിലെ ഗോത്രവർഗ സമൂഹങ്ങളുടെ തനിമയും ആചാരങ്ങളും സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുനൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിർദിഷ്ട ഏകീകൃത സിവിൽ കോഡ് ആദിവാസി വിഭാഗങ്ങളെ ഒരു വിധത്തിലും ബാധിക്കില്ലെന്നും അവരെ ഈ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗോത്രവർഗക്കാർക്കിടയിൽ തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത്തരം ഗൂഢാലോചനകളിൽ വീണുപോകരുതെന്നും അദ്ദേഹം പറഞ്ഞു. ഗോത്രവർഗ നായകൻ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ചെങ്കോട്ട മൈതാനത്ത് നടന്ന ഗോത്രവർഗ പ്രതിനിധികളുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
ഏക സിവിൽ കോഡ് ആരുടേയും സാംസ്‌കാരികത്തനിമയെയോ നിയമപരമായ അവകാശങ്ങളെയോ ബാധിക്കില്ലെന്ന് ഉറപ്പ് നൽകുന്നതിനൊപ്പം, ഗോത്രവർഗക്കാർ തങ്ങളുടെ 'ധർമം' സംരക്ഷിക്കണമെന്നും മതപരിവർത്തനങ്ങളെ ചെറുക്കണമെന്നും അമിത് ഷാ ആഹ്വാനം ചെയ്തു. ഓരോ വ്യക്തിക്കും തങ്ങളുടെ യഥാർഥ വിശ്വാസം അന്തസോടെയും നിർബന്ധങ്ങളില്ലാതെയും പിന്തുടരാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്നും ഷാ കൂട്ടിച്ചേർത്തു. നമ്മുടെ മതം സംരക്ഷിക്കുമെന്ന് നാം പ്രതിജ്ഞയെടുക്കണം. ഇതാണ് നമ്മുടെ സംസ്‌കാരവുമായും രാജ്യവുമായും നമ്മെ ബന്ധിപ്പിച്ചു നിർത്തുന്നത്. ഗോത്രവർഗ സമൂഹങ്ങളിലേക്കുള്ള വിപുലമായ പ്രചാരണത്തിന്റെ ഭാഗമായി ആർഎസ്എസ് അനുബന്ധ സംഘടനകൾ സംഘടിപ്പിച്ച പരിപാടിയിൽ, ഏക സിവിൽ കോഡിനെക്കുറിച്ചുള്ള ആശങ്കകൾ ഷാ തള്ളിക്കളഞ്ഞു.
മുമ്പ് 28,000 കോടി രൂപയായിരുന്ന ഗോത്രവർഗ ക്ഷേമ ബജറ്റ് 1.5 ലക്ഷം കോടി രൂപയായി വർധിപ്പിച്ചതും മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ഒരു പ്രത്യേക ഗോത്രകാര്യ മന്ത്രാലയം രൂപീകരിച്ച കാര്യം അദ്ദേഹം സ്മരിച്ചു. ദ്രൗപതി മുർമുവിനെ രാഷ്ട്രപതിയായി തിരഞ്ഞെടുത്തത് പരമോന്നത ഭരണഘടനാ തലത്തിൽ ഗോത്രവർഗ സമൂഹത്തിന് അഭിമാനവും പ്രാതിനിധ്യവും നൽകിയെന്നും ഷാ പറഞ്ഞു.

0 Comments