കെ.സി. വേണുഗോപാലിനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ് സ്ഥാപിച്ച സംഭവത്തിൽ 'ഏറ്റവും ദേഷ്യമുള്ള കോൺ​ഗ്രസ് പാർട്ടിയിൽ വിപ്ലവമുണ്ടാക്കാനാണ് ഫ്ലക്സ് വെച്ചത്' കുറ്റസമ്മതവുമായി സിപിഎം നേതാവ്

 


തൃശൂർ: തൃശൂർ വാടാനപ്പള്ളിയിൽ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ് സ്ഥാപിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകന്റെ കുറ്റസമ്മത ശബ്ദരേഖ പുറത്തുവന്നു. വാടാനപ്പള്ളി പഞ്ചായത്ത് ഓഫീസിന് മുന്നിൽ 'സേവ് കോൺഗ്രസ്' എന്ന പേരിൽ ബോർഡ് സ്ഥാപിച്ചത് താനാണെന്ന് സിപിഎം പ്രാദേശിക നേതാവായ അരവശ്ശേരി മുഹമ്മദ് ശബ്ദരേഖയിൽ പറയുന്നു. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇയാൾ കുറ്റസമ്മതവുമായി രംഗത്തെത്തിയത്.

കോൺഗ്രസ് പാർട്ടിയിൽ 'വിപ്ലവം' ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നീക്കം നടത്തിയതെന്ന് മുഹമ്മദ് ശബ്ദരേഖയിൽ പറയുന്നു. തനിക്ക് ഏറ്റവും കൂടുതൽ ദേഷ്യമുള്ള പ്രസ്ഥാനമായ കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് തർക്കങ്ങൾ രൂക്ഷമാക്കാൻ വേണ്ടിയാണ് ബോർഡ് സ്ഥാപിച്ചതെന്നും, ആ സ്ഥലത്ത് സിസിടിവി ക്യാമറയുള്ള വിവരം തനിക്ക് അറിയില്ലായിരുന്നുവെന്നും ഇയാൾ സമ്മതിക്കുന്നുണ്ട്. അവിടെയുള്ള ക്യാമറ തകരാറിലാണെന്ന ധാരണയിലാണ് ബോർഡ് വെച്ചതെന്നും ഇയാൾ കൂട്ടിച്ചേർത്തു.

സംഭവം പുറത്തായതോടെ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി തൃശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി രംഗത്തെത്തി. വാടാനപ്പള്ളിയിൽ നടന്നത് സിപിഎമ്മിന്റെ കൃത്യമായ ഗൂഢാലോചനയാണെന്ന് ഡിസിസി അധ്യക്ഷൻ ജോസഫ് ടജറ്റ് ആരോപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കെ.സി. വേണുഗോപാലിനെതിരെയും അനുകൂലമായും ഉയർന്ന ബോർഡുകൾക്ക് പിന്നിൽ ഇടതുപക്ഷക്കാരാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണെന്നും, ഇതിന് സിപിഎം ജില്ലാ നേതൃത്വം മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉമ്മൻചാണ്ടിയുടെ ഫ്ലക്സ് കീറിയതുൾപ്പെടെയുള്ള സംഭവങ്ങളിൽ ചാണ്ടി ഉമ്മൻ നേരത്തെ സ്വീകരിച്ച നിലപാട് ശരിയാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവമെന്നും കോൺഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടി. യുഡിഎഫ് പ്രവർത്തകരുടെ പരാതിയെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത അരവശ്ശേരി മുഹമ്മദിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഭർത്താവ് കൂടിയായ ഇയാൾ പിടിയിലായത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

Post a Comment

0 Comments