'ഉപമുഖ്യമന്ത്രി സ്ഥാനം മുതൽ വിജയ് ഒഴിയുന്ന സീറ്റ് വരെ': ടിവികെക്ക് മുന്നിൽ ആവശ്യങ്ങൾ 'നിരത്തി' വിസികെ

 



ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ വിജയിയുടെ തമിഴക വെട്രി കഴകത്തെ (ടിവികെ) സമ്മർദ്ദത്തിലാക്കി വിടുതലൈ ചിരുതൈകൾ കച്ചി (വിസികെ). സർക്കാർ രൂപീകരണത്തിന് നിർണ്ണായകമായ വിസികെയുടെ രണ്ട് എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാൻ കടുത്ത നിബന്ധനകളാണ് വിസികെ അദ്ധ്യക്ഷന്‍ തോൾ തിരുമാവളവൻ മുന്നോട്ട് വെച്ചിരിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ 118 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 108 സീറ്റുകൾ നേടിയ ടിവികെക്ക് കോൺഗ്രസ് (5), സിപിഐ (2), സിപിഎം (2) എന്നിവരുടെ പിന്തുണയോടെ 117 സീറ്റുകൾ തികയ്ക്കാനാകും. എന്നാൽ ഭൂരിപക്ഷം മറികടക്കാൻ വിസികെയുടെ രണ്ട് സീറ്റുകൾ കൂടി അനിവാര്യമാണ്. ഇതാണ് വിസികെയെ വിലപേശലിന് പ്രേരിപ്പിക്കുന്നത്.

ഉപമുഖ്യമന്ത്രി സ്ഥാനവും(തിരുമാവളവന്) ഒപ്പം ഒരു അധിക മന്ത്രിസ്ഥാനവും, വിജയ് രണ്ട് മണ്ഡലങ്ങളിൽ (പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ്) വിജയിച്ചതിനാൽ, അദ്ദേഹം ഒഴിയുന്ന സീറ്റ് നല്‍കണം. നിലവിൽ ചിദംബരം എംപിയായ തിരുമാവളവൻ ആ സ്ഥാനം ഒഴിഞ്ഞാൽ പകരം സീറ്റിൽ പാർട്ടിയുടെ വിജയം ടിവികെ ഉറപ്പാക്കണം. ജാതി-മത വിവേചനങ്ങൾക്കെതിരെ പ്രത്യേക നിയമം കൊണ്ടുവരണം, ദുരഭിമാനക്കൊല ക്രിമിനൽ കുറ്റമാക്കുന്ന നിയമനിർമ്മാണം നടത്തണം തുടങ്ങിയവയാണ് വിസികെ പ്രധാനമായും മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍.

തെരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ, തമിഴ്നാട് രാഷ്ട്രീയം ഇപ്പോൾ വിസികെയുടെ തീരുമാനത്തെ ഉറ്റുനോക്കുകയാണ്. ഇന്ന് വിസികെയുടെ തീരുമാനം വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. വിസികെ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം വൈകുകയാണ്. ദലിത് അവകാശ പ്രസ്ഥാനങ്ങളുടെ ദീർഘകാല ആവശ്യങ്ങൾ കൂടി മുൻനിർത്തിയാണ് വിസികെയുടെ സമ്മർദ തന്ത്രമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാല്‍ വിസികെയുടെ ആവശ്യങ്ങളോട് വിജയ് എങ്ങനെ പ്രതികരിക്കുന്നു എന്ന് വ്യക്തമല്ല

Post a Comment

0 Comments