സംസ്ഥാനത്ത് ഇനി പവർകട്ടില്ല; വേനൽമഴ തുണച്ചെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി

 

സംസ്ഥാനത്ത് വേനൽമഴ സജീവമായതോടെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമാകുന്നു. വരും ദിവസങ്ങളിൽ പവർകട്ടിന് സാധ്യതയില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. ചൂട് കുറഞ്ഞതോടെ വൈദ്യുതി ഉപഭോഗത്തിൽ വലിയ കുറവുണ്ടായതാണ് കെ.എസ്.ഇ.ബിക്ക് ആശ്വാസമായത്.

കഴിഞ്ഞ ദിവസങ്ങളിൽ ഏർപ്പെടുത്തിയിരുന്ന പകുതി സമയത്തെ ലോഡ്ഷെഡിംഗ് നിലവിൽ ഒഴിവാക്കി. കൂടംകുളം നിലയത്തിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി ലഭിച്ചു തുടങ്ങിയത് പ്രതിസന്ധി മറികടക്കാൻ സഹായിച്ചു. നിലവിൽ എവിടെയെങ്കിലും തടസ്സങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ അത് ഓവർലോഡ് മൂലമുള്ള സാങ്കേതിക പ്രശ്നങ്ങൾ മാത്രമാണെന്നും ബോർഡ് വ്യക്തമാക്കി. വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണെന്ന ആരോപണവും ശക്തമാണ്.

കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ലഭിച്ച അധിക ജലം ഫലപ്രദമായി സംഭരിക്കാനോ ഉപയോഗിക്കാനോ കഴിയാതിരുന്നതാണ് പെട്ടെന്നുള്ള പ്രതിസന്ധിക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വൈകിട്ട് 6 മണി മുതൽ രാത്രി 12 മണി വരെയുള്ള പീക്ക് അവറുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയത് വലിയ ജനരോഷത്തിന് ഇടയാക്കിയിരുന്നു.

Post a Comment

0 Comments