സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

 

കൊച്ചി: റെക്കോഡിലെത്തിയതിന് പിന്നാലെ ഇന്നലെ ഉച്ചക്ക് ശേഷം ഇടിഞ്ഞ സ്വര്‍ണവില ഇന്ന് വർധിച്ചു. നേരിയ വര്‍ധനവാണ് സ്വര്‍ണത്തിന്  ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന് 30 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. 14,880 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഉയര്‍ന്നത്. പവന്റെ വിലയില്‍ 240 രൂപയുടെ വര്‍ധനവുണ്ടായി. 1,19,040 രൂപയായാണ് പവന്‍ വില ഉയര്‍ന്നത്.

രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ട്. സ്‌പോട്ട് ഗോള്‍ഡ് നിരക്ക് 0.4 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 4,706.70 ഡോളറായി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.2 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 4,713.40 ഡോളറായി ഉയര്‍ന്നു. ഡോണള്‍ഡ് ട്രംപ്-ഷീ ജിങ് പിങ് കൂടിക്കാഴ്ചയെയാണ് നിക്ഷേപകര്‍ കൗതുകത്തോടെ ഉറ്റുനോക്കുന്നത്.

ഇറാന്‍ യുദ്ധം തീര്‍ക്കാന്‍ ട്രംപ് ചൈനയുടെ സഹായം തേടിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ സാഹചര്യം നിരീക്ഷിച്ച് നിക്ഷേപകര്‍ കരുതലെടുക്കുന്നതാണ് സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമില്ലാത്തതിനുള്ള കാരണം. വരും ദിവസങ്ങളില്‍ ചര്‍ച്ചയുടെ ഗതിയനുസരിച്ച് സ്വര്‍ണവിലയില്‍ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.

അതേസമയം, ഇന്ത്യന്‍ ഓഹരി വിപണികള്‍ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ബോംബെ സൂചിക സെന്‍സെക്‌സില്‍ 200 പോയിന്റിലേറെ നേട്ടമുണ്ടായി. ദേശീയ സൂചിക നിഫ്റ്റി 100 പോയിന്റിനടുത്ത് ഉയര്‍ന്നു. പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് മൂലം ഷുഗര്‍ മില്ലകളുടെ ഓഹരികള്‍ക്ക് വിപണിയില്‍ കനത്ത തിരിച്ചടിയേറ്റിട്ടുണ്ട്.

Post a Comment

0 Comments