ന്യൂഡൽഹി: ബിസിസിഐ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മിഷൻ. ബിസിസിഐ ഒരു സ്വകാര്യ സ്വയംഭരണ സ്ഥാപനമാണെന്നും ക്രിക്കറ്റ് ബോർഡിനെ പൊതു അതോറിറ്റിയായി കണക്കാക്കാനാവില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. വിഷയത്തിൽ കോടതി മുൻപ് നൽകിയ നിർദേശങ്ങൾ പരിഗണിച്ചാണ് പുതിയ ഉത്തരവ്.
അമിതമായ സർക്കാർ മേൽനോട്ടം സ്ഥാപനത്തിന്റെ പ്രവർത്തനക്ഷമതയെ ബാധിച്ചേക്കാമെന്ന നിരീക്ഷണത്തോടെയാണ് കമ്മിഷന്റെ ഉത്തരവ്. സ്വന്തം ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു സ്വയംഭരണ സ്വകാര്യ സ്ഥാപനമാണ് ബിസിസിഐയെന്നും സർക്കാരിന്റെ മേൽനോട്ടം കൂട്ടുന്നത് സ്ഥാപനത്തിന്റെ പ്രവർത്തനക്ഷമതയെ ബാധിച്ചേക്കാമെന്നും കമ്മീഷൻ നിരീക്ഷിച്ചു
വിവരാവകാശ നിയമത്തിലെ സെക്ഷൻ 2(എച്ച്) പ്രകാരം ഒരു സ്ഥാപനം പൊതു അതോറിറ്റി ആകണമെങ്കിൽ അത് ഭരണഘടനാ പ്രകാരമോ പാർലമെന്റ് അല്ലെങ്കിൽ സംസ്ഥാന നിയമസഭ പാസാക്കിയ നിയമം വഴിയോ അല്ലെങ്കിൽ സർക്കാർ വിജ്ഞാപനം വഴിയോ രൂപീകരിച്ചതാകണം. എന്നാൽ, ബിസിസിഐ തമിഴ്‌നാട് സൊസൈറ്റീസ് രജിസ്‌ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർചെയ്ത ഒരു സ്വകാര്യസംരംഭമാണെന്ന് കമ്മിഷൻ വ്യക്തമാക്കി.
വിവരാവകാശ നിയമപ്രകാരം സർക്കാരിൽനിന്ന് ഗണ്യമായ സഹായധനം കൈപ്പറ്റുന്ന സ്ഥാപനങ്ങളെമാത്രമേ പൊതു അതോറിറ്റിയായി കണക്കാക്കുകയുള്ളൂ. ബിസിസിഐയെ അങ്ങനെ കണക്കാക്കാനാവില്ല. ബിസിസിഐയുടെ ഭരണത്തിലോ മാനേജ്‌മെന്റിലോ സർക്കാരിന് ആഴത്തിലുള്ള നിയന്ത്രണമില്ല. ഭാരവാഹികളെ നിയമിക്കുന്നതിലോ ബോർഡിന്റെ ആഭ്യന്തര പ്രവർത്തനങ്ങളിലോ സർക്കാരിന് യാതൊരു പങ്കുമില്ലെന്നും കമ്മിഷൻ നിരീക്ഷിച്ചു.
0 Comments