ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നടൻ വിജയിയെ അഭിനന്ദനമറിയിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തമിഴ്നാട് ജനത പുതിയ തലമുറയെയും പുതിയ ഭാവനയെയും തിരഞ്ഞെടുത്തെന്നും തമിഴ് ജനതയുടെ പ്രതീക്ഷകൾ നിറവേറ്റാൻ വിജയിക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റെടുത്തതിന് തൊട്ടുപിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ചടങ്ങിൽ രാഹുൽ ഗാന്ധിയും പങ്കെടുത്തിരുന്നു.
'തമിഴ്‌നാട് തിരഞ്ഞെടുത്തിരിക്കുന്നു. ഒരു പുതിയ തലമുറ. ഒരു പുതിയ ശബ്ദം. ഒരു പുതിയ ഭാവന. തിരു വിജയിക്ക് എന്റെ ആശംസകൾ - തമിഴ്‌നാട്ടിലെ ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ അദ്ദേഹത്തിന് കഴിയട്ടെ.' രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഫലം പുറത്തുവന്നതിന് പിന്നാലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയിയുടെ തമിഴക വെട്രി കഴകത്തിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ ഡിഎംകെയുമായുള്ള സഖ്യം ഉപേക്ഷിച്ച് വിജയിക്കൊപ്പം ചേർന്ന കോൺഗ്രസ് നീക്കം രാഷ്ട്രീയനിരീക്ഷകരെയെല്ലാം ഒന്നടങ്കം അമ്പരപ്പിച്ചിരുന്നു. തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷം തികയ്ക്കുന്നതിൽ ടിവികെയ്ക്ക് കോൺഗ്രസിന്‍റെ പിന്തുണ നിർണായകമായി മാറുകയായിരുന്നു. അഞ്ച് സീറ്റുകളുള്ള കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ പിന്തുണ ഉറപ്പാക്കിയാണ് 120 എംഎൽഎമാരുമായി വിജയ് സർക്കാർ രൂപീകരിച്ചത്.
ഇന്ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ വിജയിക്കൊപ്പം വേദിയിൽ രാഹുൽ ഗാന്ധിയും സന്നിഹിതനായിരുന്നു. ദീർഘകാലമായി തുടരുന്ന ഡിഎംകെ ബന്ധം ഉപേക്ഷിച്ച് വിജയിക്കൊപ്പം പുതിയൊരു രാഷ്ട്രീയ ഭാവി തെരഞ്ഞെടുക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചതിന് പിന്നിലെ പ്രധാന കാരണം രാഹുലും വിജയിയും തമ്മിലുള്ള ഈ വ്യക്തിപരമായ അടുപ്പവും ആശയപരമായ ചേർച്ചയുമാണെന്നാണ് വിമർശകരുടെ നിരീക്ഷണം.
0 Comments