ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. ഇന്നലെ അറസ്റ്റിലായ മുഖ്യസൂത്രധാരൻ പ്രൊഫസർ പി.വി കുൽകർണിയെ ഇന്ന് അന്വേഷണസംഘം ചോദ്യം ചെയ്യും. കേസിൽ വിവിധ ഇടങ്ങളിൽ നിന്നായി ഏഴ് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.
എൻടിഎയ്ക്ക് വേണ്ടി പരീക്ഷാ പ്രക്രിയയുടെ ഭാഗമായ മുഖ്യസൂത്രധാരനെ അറസ്റ്റ് ചെയ്തതോടെ അന്വേഷണത്തിൽ പുതിയ വഴിത്തിരിവായി. പരീക്ഷ പേപ്പർ തയാറാക്കിയ രസതന്ത്രം പ്രൊഫസർ പി.വി കുൽകർണിയാണ് അറസ്റ്റിലായത്. ഏപ്രിൽ അവസാനവാരം വിദ്യാർഥികളെ വിളിച്ചു കൂട്ടി കുൽകർണി പ്രത്യേക ക്ലാസുകൾ നടത്തി എന്നാണ് സിബിഐ കണ്ടെത്തൽ. സ്വന്തം വസതിയിൽ വച്ചാണ് ക്ലാസ് എടുത്തത്. കുൽകർണിയുടെ സഹായി മനീഷ വാഗ്മറുടെ സഹായത്തോടെയായിരുന്നു പരിശീലന ക്ലാസ് നൽകിയത്. ക്ലാസ്സിൽ പരീക്ഷ ചോദ്യങ്ങൾ വിദ്യാർഥികൾക്ക് ഇരുവരും ചോർത്തി നൽകിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ഇയാളിൽ നിന്ന് മൊബൈൽ ഫോൺ ലാപ്ടോപ്പ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു.
കേസിൽ ഇതുവരെ അറസ്റ്റിലായ ഏഴുപേരെയും അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും. കേരളത്തിൽ പഠിക്കുന്ന രാജസ്ഥാൻ വിദ്യാർഥിയിൽ നിന്നും ക്രൈംബ്രാഞ്ച് വിവരങ്ങൾ തേടിയിട്ടുണ്ട്. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി കുറ്റക്കാരെ വെളിച്ചത്തിൽ കൊണ്ടുവരാനാണ് സിബിഐ നീക്കം. അതേസമയം നേരത്തെ റദ്ദാക്കിയ മെയ് മൂന്നാം തീയതിയിലെ പരീക്ഷ ജൂൺ 21ന് നടത്തും.

0 Comments