പരേതനായ കെ.ദാമോദര മേനോന്റെയും വിലാസിനി അമ്മയുടെയും മകനായി 1964 മെയ് 31നാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ്റെ ജനനം. എറണാകുളം ജില്ലയിലെ നെട്ടൂരിലാണ് കുടുംബ വീട്. നാല് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്. വടക്കൻ പറവൂരിലെ കേസരി ജംഗ്ഷനിൽ "ദേവരാഗം" വീട്ടിലാണ് വി.ഡി സതീശൻ്റെ ഇപ്പോഴത്തെ താമസം. ഭാര്യ ലക്ഷ്മി പ്രിയ. ഗവേഷക വിദ്യാർഥിയായ ഉണ്ണിമായയാണ് മകൾ.
നിലവിൽ പറവൂർ നിയോജകമണ്ഡലത്തിൽ നിന്നുള്ള കേരള നിയമസഭാ സാമാജികനാണ് വി.ഡി സതീശൻ. 1996 ലെ കന്നിയങ്കത്തിൽ 1116 വോട്ടിന് പരാജയപ്പെട്ട ശേഷമാണ് തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ വിജയം. 2001 മുതൽ തുടർച്ചയായി അഞ്ച് തവണ പറവൂരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ഓരോ തവണ വിജയിക്കുമ്പോഴും വോട്ടിൽ ഭൂരിപക്ഷം കൂട്ടാൻ അദ്ദേഹത്തിനായി. 2011 -2016 കാലയളവിൽ കേരള നിയമസഭയിൽ എസ്റ്റിമേറ്റ്സ് കമ്മിറ്റി ചെയർമാനായും, 2016 -2021കാലയളവിൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചു.
തമിഴ്‌നാടിന്റെ ചുമതലയുള്ള അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായും, കെപിസിസി വൈസ് പ്രസിഡന്റായും പാർട്ടി ചുമതലകൾ വഹിച്ചിട്ടുണ്ട്. 2021 ൽ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട സതീശൻ, കേരളത്തിലെ പ്രതിപക്ഷ നേതാവായി കഴിഞ്ഞ അഞ്ച് വർഷക്കാലം പ്രതിപക്ഷത്തെ നയിച്ചു. ആദ്യമായി ഒരു മന്ത്രിസഭയുടെ ഭാഗമാകുമ്പോൾ തന്നെ മുഖ്യമന്ത്രി പദത്തിലേക്ക് നേരിട്ടെത്തുന്നു എന്ന സവിശേഷതയും പുതിയ സ്ഥാനാരോഹണത്തിനുണ്ട്.
വിദ്യാർഥിയായിരിക്കുമ്പോൾ കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച വി.ഡി സതീശൻ അഞ്ച് തവണ തുടർച്ചയായി യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. 1986 ൽ എംജി യൂണിവേഴ്സിറ്റി യൂണിയന്റെ ആദ്യ ചെയർമാനായി. NSU(I) ദേശീയ സെക്രട്ടറിയായും പ്രവർത്തിച്ചു. സോഷ്യോളജിയിലും നിയമത്തിലും ബിരുദധാരിയാണ് സതീശൻ. തേവര സെക്രട്ടറി ഹാർട്ട് കോളജ്, രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ്, കൊച്ചി, കേരള ലോ അക്കാദമി കോളജ്, തിരുവനന്തപുരം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനാകുന്നതിന് മുമ്പ് അദ്ദേഹം കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു.
സതീശൻ ഒരു മികച്ച എഴുത്തുകാരനും കോളമിസ്റ്റുമാണ്. നിരവധിയായ പുസ്തകങ്ങൾ വായിച്ചു തീർത്ത സതീശൻ രാഷ്ട്രീയക്കാർക്കിടയിലെ മികച്ച വായനക്കാരനാണ്. സംവാദങ്ങളിലും ടെലിവിഷൻ ചർച്ചകളിലും കോൺഗ്രസ് പാർട്ടിയെ സ്ഥിരമായി പ്രതിനിധീകരിച്ചിരുന്നു.
ലോട്ടറി വിഷയത്തിൽ തോമസ് ഐസകുമായുള്ള സംവാദം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിനും,സുസ്ഥിര വികസന മാതൃകകൾക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരു പൊതു പ്രവർത്തകനാണ് വി.ഡി സതീശൻ.
ട്രെക്കിങ്ങിൽ അതീവ തൽപരനായ സതീശൻ രാജ്യത്തെ എല്ലാ പ്രധാന ദേശീയോദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളും സന്ദർശിച്ചിട്ടുണ്ട്. യാത്രകളെ ഇഷ്ടപ്പെടുന്ന അദ്ദേഹം അഞ്ച് ഭൂഖണ്ഡങ്ങളിലെയും വിവിധ രാജ്യങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്. മികച്ച കായിക പ്രേമി കൂടിയാണ്. ട്രേഡ് യൂണിയൻ രംഗത്തും സജീവമായിരുന്നു . സംസ്ഥാനത്തെ നിരവധി പ്രധാന ട്രേഡ് യൂണിയനുകൾക്ക് നേതൃത്വം കൊടുക്കുന്നു.
കൊച്ചിൻ റിഫൈനറീസ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ്, ഫാക്റ്റ് എംപ്ലോയീസ് കോൺഗ്രസ് പ്രസിഡന്റ്, പ്രീമിയർ ടയർ വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ്, ടിസിസി എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ്, ഐആർഇ വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ്, ഹിൻഡാൽകോ വർക്കേഴ്‌സ് യൂണിയൻ പ്രസിഡന്റ്, ടാറ്റ ഓയിൽ മിൽസ് വർക്കേഴ്‌സ് യൂണിയൻ, കൊച്ചി പ്രസിഡന്റ്, കാർബറണ്ടം യൂണിവേഴ്‌സൽ എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ്, കേരള ബുക്ക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി സ്റ്റാഫ് ആൻഡ് വർക്കേഴ്‌സ് യൂണിയൻ പ്രസിഡന്റ്, എറണാകുളം ജില്ലാ കോ-ഓപറേറ്റീവ് ബാങ്ക് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ്, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ എംപ്ലോയീസ് കോൺഗ്രസ് പ്രസിഡന്റ്, മസോണിലൻ എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ്, കെഎഫ്സി പ്രൊഫഷണൽ ഫോറം പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചു.
അവാർഡുകൾ
എ.എ റഹീം (മുൻ കേന്ദ്ര സഹമന്ത്രി, ഇന്ത്യാ ഗവൺമെന്റ്) സ്മാരക അവാർഡ്, ടി.എം ജേക്കബ് ഫൗണ്ടേഷൻ അവാർഡ്, ഗ്ലോബൽ മലയാളി കൗൺസിൽ അവാർഡ്, ഫോക്കാന അവാർഡ്, കെ.എസ് നാരായണൻ നമ്പൂതിരി ഫൗണ്ടേഷൻ അവാർഡ്, രാജീവ് ഗാന്ധി നാഷണൽ സെന്റർ ഫോർ ഹ്യൂമാനിറ്റേറിയൻ സ്റ്റഡീസ് അവാർഡ്, ചെറിയാൻ ജെ. കാപ്പൻ (മുൻ.എം.പി) സ്മാരക അവാർഡ് നൽകി, എ.പാച്ചൻ ഫൗണ്ടേഷൻ അവാർഡ്,എൻ.സുന്ദരൻ നാടാർ നാഷണൽ ഫൗണ്ടേഷൻ അവാർഡ് തുടങ്ങി മികച്ച നിയമസഭാ സമാജികനുള്ള നിരവധിയായ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
0 Comments