തിരുവനന്തപുരം: മുഖ്യമന്ത്രിയെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോർഫ് ചെയ്ത ചിത്രം നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ.
കെഎസ്ആർടിസി നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവറായ എസ്. സുനിൽകുമാറിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. കോർപ്പറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടരാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് സുനിൽകുമാർ മുഖ്യമന്ത്രിയെ പരിഹസിക്കുന്ന രീതിയിലുള്ള മോർഫ് ചെയ്ത ചിത്രവും കുറിപ്പും പോസ്റ്റ് ചെയ്തത്. കോട്ടയം സി.എം.ഡി സ്ക്വാഡ് ഇൻസ്പെക്ടർ ഷോബി. പി. വിജയൻ നടത്തിയ അന്വേഷണത്തിലാണ് കുറ്റം തെളിഞ്ഞത്. സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യക്തികളെ അവഹേളിക്കുന്നത് സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നിരിക്കെയാണ് ഡ്രൈവറുടെ ഭാഗത്തുനിന്ന് ഈ ഗുരുതര വീഴ്ചയുണ്ടായത്.
ഈ പ്രവൃത്തി ഗുരുതരമായ ചട്ടലംഘനവും അച്ചടക്കലംഘനവുമായി കണക്കാക്കിയാണ്, 1960ലെ കേരള സിവിൽ സർവ്വീസ് ചട്ടങ്ങളിലെ പത്താം ചട്ടപ്രകാരം ഇയാളെ അടിയന്തരമായി സസ്പെൻഡ് ചെയ്തത്. സുനിൽകുമാറിനോട് ഡ്യൂട്ടി പാസ്സും ഐഡി കാർഡും ഉടനടി തിരികെ ഏൽപ്പിക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

0 Comments