'പിണറായിയുടെ പല സമീപനങ്ങളും ജനങ്ങൾക്കിടയില്‍ അവമതിപ്പുണ്ടാക്കി': സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയിലും വിമര്‍ശനം




 കോട്ടയം: സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയിൽ പിണറായി വിജയനും സംസ്ഥാന നേതൃത്വത്തിനും വിമർശനം. പിണറായിയുടെ പല സമീപനങ്ങളും ജനങ്ങൾക്ക് ഇടയിൽ അവമതിപ്പുണ്ടാക്കി. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത നടപടി അനുചിതമായി. സംസ്‌ഥാന സെക്രട്ടറിയുടെ പ്രസ്താവനകള്‍ പാർട്ടി അണികളെ പോലും എതിരാക്കിയെന്നും വിമര്‍ശനമുയര്‍ന്നു.

കേരളാ കോൺഗ്രസ് വോട്ടുകൾ എല്‍ഡിഎഫിന് ലഭിച്ചില്ല. കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റിൻ്റെ വാർഡിൽ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്ത് പോയി. പുതുപ്പള്ളിയടക്കം പലയിടത്തെയും സ്‌ഥാനാർഥി നിർണയവും പാളി. ഏറ്റുമാനൂരിൽ വാസവൻ ജയിക്കുമെന്ന അമിത ആത്മവിശ്വാസം തിരിച്ചടിയായി. ശബരിമല വിവാദങ്ങളും ഏറ്റുമാനൂരിൽ പ്രതിഫലിച്ചു. വൈക്കത്ത് സിപിഐയിലെ സംഘടന പ്രശ്നങ്ങൾ തോൽവിക്ക് കാരണമായെന്നും വിമര്‍ശനം ഉയര്‍ന്നു.

വിമർശനങ്ങൾ തുറന്നു പറയാൻ നേതൃത്വം അനുമതി നൽകിയതോടെ പിണറായി വിജയനെയും എം.വി ഗോവിന്ദനെയും കടന്നാക്രമിക്കുകയാണ് ജില്ലാ നേതൃയോഗങ്ങള്‍ എം.വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും, പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും മാറണമെന്നാണ് പ്രധാനാവശ്യം. എം.വി ഗോവിന്ദന്റെ വാർത്താസമ്മേളനങ്ങൾക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. തളിപ്പറമ്പിലെ പി.കെ ശ്യാമളയുടെ സ്ഥാനാർഥിത്വമാണ് എം.വി ഗോവിന്ദനെതിരെ ഉയരുന്ന രണ്ടാമത്തെ വിമർശനം. പിണറായി വിജയന്റെ ശൈലിക്ക് എതിരെയും വിമർശനങ്ങൾ ഉണ്ടായി. വിമർശനം ഒരു വ്യക്തിയിലേക്ക് മാത്രം ചുരുങ്ങുന്നത് ശരിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് പറയുകയുണ്ടായി.

10 ജില്ലാ നേതൃയോഗങ്ങൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട സംസ്ഥാന നേതൃത്വത്തിന്റെ അവലോകനം അടുത്തമാസം ആദ്യവാരം നടക്കും.

Post a Comment

0 Comments