ആധാർ വിവരങ്ങൾ ഇനി ഗൂഗിൾ അക്കൗണ്ടുമായി ബന്ധിപ്പിക്കാം. ഗൂഗിളും യുഐഡിഎഐയും സംയുക്തമായാണ് ഈ സേവനം ഗൂഗിൾ വാലറ്റിൽ ലഭ്യമാക്കുന്നത്. ഇന്ത്യയിലെ ഉപയോക്താക്കൾക്ക് അവരുടെ ആധാർ വിവരങ്ങൾ കമ്പനിയുടെ ഗൂഗിൾ വാലറ്റ് (Google Wallet) ആപ്പിൽ നേരിട്ട് സേവ് ചെയ്യാൻ സാധിക്കും.
പാൻ കാർഡുമായോ ബാങ്ക് അക്കൗണ്ടുമായോ ആധാർ ലിങ്ക് ചെയ്യുന്നത് പോലെയല്ല ഇത്. പകരം ഉപയോക്താക്കൾക്ക് അവരുടെ തിരിച്ചറിയൽ വിവരങ്ങൾ ഗൂഗിൾ വാലറ്റിൽ (Google Wallet) സൂക്ഷിക്കാൻ സാധിക്കും. ചുരുക്കി പറഞ്ഞാൽ, ഇനി മുതൽ ഒരാളുടെ ആധാർ വിവരങ്ങൾ ഉപയോഗിച്ച് വ്യക്തിത്വം സാക്ഷ്യപ്പെടുത്താൻ (Authenticate) ഗൂഗിൾ വാലറ്റ് ഉപയോഗിക്കാം. യുഐഡിഎഐ ഏതാനും മാസങ്ങൾക്ക് മുമ്പ് പുറത്തിറക്കിയ ആധാർ വെരിഫിക്കബിൾ ക്രെഡൻഷ്യൽ എന്ന പ്രോട്ടോക്കോൾ വഴിയാണ് ഇത് പ്രവർത്തിക്കുന്നത്.
ഗൂഗിൾ വാലറ്റിൽ നിങ്ങളുടെ ആധാർ വിവരങ്ങൾ എങ്ങനെ ചേർക്കാം?
ഗൂഗിൾ വാലറ്റ് (Google Wallet) ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യുക.
ആപ്പ് തുറന്ന് ‘+’ ചിഹ്നത്തിലോ ‘Add to wallet’ എന്ന ബട്ടണിലോ ടാപ്പ് ചെയ്യുക.
ഐഡി കാർഡ് (ID card) അല്ലെങ്കിൽ ആധാർ കാർഡ് ചേർക്കാനുള്ള ഓപ്ഷൻ തെരഞ്ഞെടുക്കുക.
തുടർന്ന് ആധാർ നമ്പർ നൽകുക. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു വൺ-ടൈം പാസ്‌വേഡ് (OTP) ലഭിക്കുന്നതാണ്
ഒടിപി നൽകി സ്ഥിരീകരിക്കുന്നതോടെ നിങ്ങളുടെ ആധാറിന്റെ "വെരിഫയബിൾ ക്രെഡൻഷ്യൽ" (verifiable credential) വാലറ്റിൽ ചേർക്കപ്പെടും.
ഗൂഗിൾ നൽകുന്ന വിവരങ്ങൾ പ്രകാരം, ഉപയോക്താക്കൾക്ക് താഴെ പറയുന്ന രണ്ട് രീതികളിൽ ആധാർ കാർഡ് വാലറ്റിൽ ചേർക്കാം:
1. ഔദ്യോഗിക ആധാർ ആപ്പ് വഴി
ആപ്പ് തുറക്കുക. സൈൻ-ഇൻ ചെയ്ത് ഐഡന്റിറ്റി വെരിഫൈ ചെയ്യുക. 'Add to Wallet' ടാപ്പ് ചെയ്ത് 'Google Wallet' എന്നത് തെരഞ്ഞെടുക്കുക. 'Continue' ടാപ്പ് ചെയ്യുക. സ്ക്രീനിൽ കാണുന്ന നിർദേശങ്ങൾ പാലിച്ച് ആധാർ വാലറ്റിലേക്ക് ചേർക്കുക.
2. ഗൂഗിൾ വാലറ്റ് ആപ്പ് വഴി
ആപ്പ് തുറക്കുക. 'Add' ടാപ്പ് ചെയ്യുക. ആധാർ ആപ്പിലേക്ക് റീഡയറക്ട് ചെയ്യാനായി 'Aadhaar' എന്നത് തെരഞ്ഞെടുക്കുക. സൈൻ-ഇൻ ചെയ്യാൻ ആവശ്യമായ വിവരങ്ങൾ നൽകുക
ഗൂഗിൾ വാലറ്റിൽ ആധാർ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
ഒരിക്കൽ ഉപയോക്താക്കൾ തങ്ങളുടെ ആധാർ വിവരങ്ങൾ ഗൂഗിൾ വാലറ്റിൽ ചേർത്തു കഴിഞ്ഞാൽ, പ്രായം തെളിയിക്കുന്നതിനോ, ആപ്പുകളിൽ വ്യക്തിത്വം സ്ഥിരീകരിക്കുന്നതിനോ, ഫോമുകൾ പൂരിപ്പിക്കുന്നതിനോ ഒക്കെ ഇത് ഉപയോഗിക്കാൻ സാധിക്കും. ഗൂഗിളിന്റെ അഭിപ്രായത്തിൽ, ഉപയോക്താക്കൾക്ക് ഇപ്പോൾ ആധാർ ഒരു "വെരിഫയബിൾ ക്രെഡൻഷ്യൽ" (verifiable credential) ആയി സൂക്ഷിക്കാം. ഓൺലൈൻ വെരിഫിക്കേഷനും ഓഫ്‌ലൈൻ വെരിഫിക്കേഷനും ഒരുപോലെ സുരക്ഷിതമായി ഐഡി ഉപയോഗിക്കാൻ ഇത് സഹായിക്കുന്നു.
UIDAI ഏതാനും മാസങ്ങൾക്ക് മുമ്പ് പുറത്തിറക്കിയ ഓഫ്‌ലൈൻ വെരിഫിക്കേഷൻ പ്രോട്ടോക്കോളായ 'ആധാർ വെരിഫയബിൾ ക്രെഡൻഷ്യൽസ്' വഴിയാണ് ഈ വിവരങ്ങൾ ശേഖരിക്കുന്നത്. UIDAI പുറത്തിറക്കിയ ആധാർ ആപ്പിലും ഗൂഗിൾ നൽകുന്ന ഈ സമാന ഫീച്ചറുകൾ ലഭ്യമാണ്.

0 Comments