ബിജെപിയുടെ കൊടിവെച്ച കാർ അകത്ത് പ്രവേശിച്ചു; കൊൽക്കത്തയിൽ സ്ട്രോങ് റൂമിന് പുറത്ത് തൃണമൂൽ പ്രതിഷേധം

 



കൊല്‍ക്കത്ത: കൊൽക്കത്തയിൽ സ്ട്രോങ് റൂമിന് പുറത്ത് തൃണമൂൽ കോൺഗ്രസ് പ്രതിഷേധം. ഷഖാവത്ത് മെമ്മോറിയൽ സ്കൂളിലെ സ്ട്രോങ് റൂമിന് പുറത്താണ് പ്രതിഷേധം. ബിജെപിയുടെ കൊടിവെച്ച കാർ സ്കൂളിലേക്ക് പ്രവേശിച്ചെന്നും, പരിശോധന കൂടാതെ കേന്ദ്രസേന കാർ കടത്തിവിട്ടെന്നും ആരോപിച്ചാണ് പ്രതിഷേധം.

അതേസമയം, ബംഗാളിലെ ഫാല്‍ത മണ്ഡലത്തിലെ 285 ബൂത്തുകളിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ റീപോളിങ്ങിന് ഉത്തരവിട്ടത് വ്യാപക ക്രമക്കേടുകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന്. മെയ് 21ന് റീപോളിങ് നടത്തി മെയ് 24ന് ഫലം പ്രഖ്യാപിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടത്.

ഫാല്‍തയില്‍ കണ്ടെത്തിയ ക്രമക്കേടുകളെ കുറിച്ച് ബംഗാള്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് അയച്ച കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദമായി പറയുന്നുണ്ട്. പലവിധത്തിലുള്ള ക്രമക്കേടുകളും അട്ടിമറികളും ബൂത്ത് പിടിത്തവും ഫാല്‍തയില്‍ നടന്നതായാണ് പറയുന്നത്. ബൂത്തുകള്‍ കൈയടക്കി വോട്ടര്‍മാരെ പ്രവേശിക്കുന്നത് തടഞ്ഞുവെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കണ്ടെത്തല്‍.


ബാലറ്റ് യൂണിറ്റിലെ എതിര്‍ സ്ഥാനാര്‍ഥികളുടെ ബട്ടണ് മുകളില്‍ സെല്ലോ ടേപ്പ് ഒട്ടിച്ച് മറച്ചു. ഏത് സ്ഥാനാര്‍ഥിക്കാണ് വോട്ട് ചെയ്തത് എന്ന് കണ്ടെത്താന്‍ മെഷീനിലെ ബട്ടണില്‍ പെര്‍ഫ്യൂമും മഷിയും പൂശി. ഇത്തരം നടപടികള്‍ വോട്ടെടുപ്പ് പ്രക്രിയയെ തകിടംമറിച്ചെന്നും ഫലം വിശ്വസനീയമല്ലാതാക്കിയെന്നും തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പല ബൂത്തുകളിലെയും സിസിടിവി ദൃശ്യങ്ങളില്‍ നീണ്ട ഇടവേളകളുമുണ്ട്. ചിലതിന്റെ സ്റ്റോറേജ് നഷ്ടപ്പെട്ട നിലയിലാണ്. ലഭ്യമായ ദൃശ്യങ്ങളില്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നതിന്റെയും പലരും അനധികൃതമായി ബൂത്തിനുള്ളില്‍ കടക്കുന്നതിന്റെയും കൂട്ടമായി വോട്ട് ചെയ്യുന്നതിന്റെയും ദൃശ്യങ്ങളുണ്ട്. തുടര്‍ന്നാണ് എല്ലാ മണ്ഡലത്തിലും റീപോളിന് കമ്മീഷന്‍ ഉത്തരവിട്ടത്

Post a Comment

0 Comments