കേളകം : റോഡരികിലെ കാട് വെട്ടിത്തെളിച്ച് കാന വൃത്തിയാക്കുന്ന പ്രവൃത്തി പൊതുമരാമത്ത് വകുപ്പ് തുടങ്ങി. കേളകം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ് പി.ഡബ്ല്യു.ഡി. റോഡിരികിലെ കാനകൾ വൃത്തിയാക്കാൻ തയ്യാറായത്.
കൊട്ടിയൂർ ഭക്തർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കൂടി കണക്കിലെടുത്താണ് പഞ്ചായത്ത് ഭരണസമിതി ശക്തമായ ഇടപെടൽ നടത്തിയത്. വൈശാഖോത്സവം ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.
കാനകൾ വൃത്തിയാക്കാത്തതിനാൽ മഴവെള്ളം റോഡിലൂടെയായിരുന്നു ഒഴുകിയിരുന്നത്. ഇതുകാരണം വാഹനങ്ങൾ പോകുമ്പോൾ കാൽനട യാത്രക്കാരുടെ ദേഹത്തേക്ക് ചെളിവെള്ളം തെറിക്കുന്ന സ്ഥിതിയായിരുന്നു. കഴിഞ്ഞ ഉത്സവകാലത്ത് കൊട്ടിയൂരിലേക്ക് നടന്നുപോകുന്ന ഭക്തർ ഏറെ ബുദ്ധിമുട്ടിയിരുന്നു. മഴവെള്ളം റോഡിലൂടെ ഒഴുകുന്നത് വാഹനയാത്രക്കാരെയും വലച്ചിരുന്നു.
കേളകം വില്ലേജ് ഓഫീസിന്റെ തൊട്ടുതാഴേ ഭാഗത്തുനിന്നാണ് പ്രവൃത്തി തുടങ്ങിയിരിക്കുന്നത്. കേളകം ടൗൺ വരെയുള്ള ഭാഗമാണ് വൃത്തിയാക്കുന്നത്. കേളകം ടൗണിൽ സ്ലാബുകൾ മാറ്റി മാലിന്യം നീക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കും.
വെള്ളം റോഡിലൂടെ ഒഴുകാതെ കാനയിലൂടെ ഒഴുകുന്ന തരത്തിലാണ് പ്രവൃത്തി നടത്തുക. പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ പി.എ. അബ്ദുൾസലാം, സുനിത രാജു എന്നിവർ നേതൃത്വം നൽകി.
0 Comments