ചെന്നൈ: വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ വിമത എഐഎഡിഎംകെ നേതാക്കളായ എസ്.പി വേലുമണിയും സി.വി ഷൺമുഖവും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. തമിഴ് രാഷ്ട്രീയത്തെ അമ്പരപ്പിച്ച ഈ നീക്കം എഐഎഡിഎംകെയിൽ വലിയൊരു പിളർപ്പിന്റെ വ്യക്തമായ സൂചനയാണ്.
ചെന്നൈയിലെ അണ്ണാഡിഎംകെയുടെ പാര്‍ട്ടി ഓഫീസിലെത്തിയാണ് മുഖ്യമന്ത്രി ചർച്ച നടത്തിയത്. ടിവികെ സർക്കാരിന് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതിനൊപ്പം ബുധനാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ ഭൂരിപക്ഷം ഉറപ്പാക്കുകയുമാണ് സന്ദർശനത്തിന്റെ ലക്ഷ്യം. തമിഴക വെട്രി കഴകത്തിന്റെ ഭരണത്തിന് തങ്ങളുടെ വിഭാഗം പൂർണ്ണ പിന്തുണ നൽകുമെന്ന് നേതാക്കൾ ഔദ്യോഗികമായി അറിയിച്ചു. ഇതോടെ നിയമസഭയിൽ വിജയ് സർക്കാരിന്റെ ഭൂരിപക്ഷം കൂടുതൽ സുരക്ഷിതമായിരിക്കുകയാണ്.
സംസ്ഥാനത്തിന്റെ വികസനത്തിന് വിജയിയുടെ നേതൃത്വത്തിലുള്ള സർക്കാർ തുടരണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സി.വി ഷൺമുഖം മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ നിലപാടുകളിൽ അതൃപ്തിയുള്ള ഒരു വലിയ വിഭാഗം എംഎൽഎമാർ വേലുമണിക്കും ഷൺമുഖത്തിനുമൊപ്പമുണ്ടെന്നാണ് റിപ്പോർട്ടുകൾ. സർക്കാരിനെ പിന്തുണയ്ക്കാൻ നേരത്തെ ഇവര്‍ തീരുമാനമെടുത്തിരുന്നു. 30 പേരാണ് ഷണ്‍മുഖം ക്യാമ്പിലുണ്ടെന്നാണ് പറയപ്പെടുന്നത്. മത്സരിച്ച മത്സരിച്ച 164 സീറ്റുകളിൽ 47 എണ്ണത്തിൽ മാത്രമാണ് എഐഎഡിഎംകെ വിജയിച്ചത്.
നിലവിൽ സഭയിൽ 120 അംഗങ്ങളുടെ പിന്തുണയുള്ള വിജയ്ക്ക്, ഷണ്മുഖം പക്ഷത്തുള്ള 30 വിമത എംഎൽഎമാരുടെ കൂടി പിന്തുണ ലഭിക്കുന്നതോടെ അംഗബലം 150 ആയി ഉയരും. അതേസമയം വിജയ് സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചതിനെത്തുടർന്ന്, അമ്മ മക്കൾ മുന്നേറ്റ കഴകം (എഎംഎംകെ) ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരൻ പാർട്ടി എം.എൽ.എ എസ്. കാമരാജിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുകയും എല്ലാ പാർട്ടി ചുമതലകളിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തു. പാര്‍ട്ടിയുടെ ഏക എംഎല്‍എയാണ് എസ് കാമരാജ്.

0 Comments