തിരുവനന്തപുരം:വികസന വിഷയങ്ങളിൽ ഭരണപക്ഷവും പ്രതിപക്ഷവുമായി യോജിച്ച് പ്രവർത്തിക്കുമെന്ന് കഴക്കൂട്ടം എംഎൽഎ വി മുരളീധരൻ. പുതിയ സർക്കാർ ജനക്ഷേമ പദ്ധതികൾ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. സബ് കാ സാത് സബ് കാ വികാസ് എന്ന മുദ്രാവാക്യം ആയിരിക്കും സഭയ്ക്ക് അകത്തും പുറത്തും സ്വീകരിക്കുക എന്നും വി മുരളീധരൻ വ്യക്തമാക്കി.
മോദിയുടെ വികസന പാതയിലേക്ക് കേരളവും എത്തും. ബിജെപി അംഗങ്ങൾ വേറിട്ട ശബ്ദമായി നിലകൊള്ളുമെന്നും രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്കപ്പുറം വികസനത്തിന് വേണ്ടി നിലകൊള്ളുമെന്നും വി മുരളീധരൻ പറഞ്ഞു. വികസനത്തിനായി ഭരണപക്ഷവുമായി പ്രതിപക്ഷവും യോജിച്ചു നിന്ന് പ്രവർത്തിക്കും. നാടിന്റെ സ്വപ്നങ്ങൾക്ക് വിരുദ്ധമായതു ഉണ്ടായാൽ സഭയ്ക്കകത്തും പുറത്തും എതിർപ്പ് പ്രകടിപ്പിക്കും. പുതിയ സർക്കാർ കഴിഞ്ഞ സർക്കാരിൻറെ തെറ്റുകൾ പരിഹരിക്കുമെന്നും പ്രതീക്ഷിക്കുന്നുവെന്ന് വി മുരളീധരൻ പറഞ്ഞു.
സഹകരിക്കേണ്ടിടത്ത് സഹകരിക്കുമെന്നും പ്രതികരിക്കേണ്ടിടത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്നും വി മുരളീധരൻ പറഞ്ഞു. മൂന്ന് ദിവസം കൊണ്ട് കോൺഗ്രസിനുള്ളിൽ ഉണ്ടായ പ്രവർത്തികൾ ആശങ്കയുണ്ടാക്കുന്നതാണ്. വകുപ്പ് വിഭജനത്തിന് മൂന്നുദിവസം എടുത്തു. ലീഗിന്റെ പിടിവാശിയാണ് വകുപ്പ് വിഭജനം വൈകിയതിന് കാരണം എന്നാണ് മാധ്യമ വാർത്തകൾ.അത് ശരിയാണെന്നാണ് മനസിലായത്. ഇതേ നിലയിലാണ് മുന്നോട്ടുപോകുന്നതെങ്കിൽ അത് എത്ര നല്ലതായിരിക്കില്ലെന്ന് അദേഹം പറഞ്ഞു.
കോൺഗ്രസ് കാലാകാലങ്ങളായി കൈവശം വച്ചിരുന്ന പല വകുപ്പുകളും ലീഗിന് വിട്ടുകൊടുക്കേണ്ടിവന്നു. സഭയിലെ രണ്ടാമൻ പി കെ കുഞ്ഞാലിക്കുട്ടിയായി. സാധാരണഗതിയിൽ മുഖ്യമന്ത്രി കഴിഞ്ഞാൽ ആഭ്യന്തര മന്ത്രിയാണ് രണ്ടാമത്. പി കെ കുഞ്ഞാലിക്കുട്ടിയെക്കാൾ സീനിയറാണ് രമേശ് ചെന്നിത്തല. അങ്ങനെ ഒരാളെ മൂന്നാം സ്ഥാനത്ത് തള്ളിയത് ഗൗരവമുള്ള കാര്യമാണെന്ന് വി മുരളീധരൻ പറഞ്ഞു. മന്ത്രിസഭയിൽ 12 പേർ ന്യൂനപക്ഷ സമുദായത്തിൽ നിന്നാണ്. ഭൂരിപക്ഷ സമുദായത്തെ അവഗണിക്കരുതെന്ന് വി മുരളീധരൻ ആവശ്യപ്പെട്ടു.

0 Comments