സര്‍ക്കാര്‍ സബ്‌സിഡിയോടെ സോളാര്‍ സ്ഥാപിക്കാം; പദ്ധതിയറിയാം

 


കുറഞ്ഞ ചെലവില്‍ ആളുകള്‍ക്ക് സോളാര്‍ പാനല്‍ നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ് പിഎം സൂര്യഘര്‍ മുഫ്ത് ബിജിലി യോജന. 300 യൂണിറ്റ് സൗജന്യ വൈദ്യുതി എല്ലാമാസവും നല്‍കാന്‍ ലക്ഷ്യമിട്ടുളളതാണ് പദ്ധതി. മൂന്ന് കിലോവാട്ടിന്റെ വരെ സോളാര്‍ പാനല്‍ സ്ഥാപിക്കാനുള്ള സഹായമാണ് നല്‍കുന്നത്. 78,000 രൂപ വരെ ഇത്തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കും. 2024 ജനുവരി 22ന് നരേന്ദ്ര മോദിയാണ് പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍, പദ്ധതി പ്രകാരം സോളാര്‍ പാനല്‍ സ്ഥാപിക്കുന്നത് ലാഭകരമാണോയെന്ന സംശയം എപ്പോഴുമുണ്ടാകും.

സോളാര്‍ പാനലിന്റെ ശേഷിയനുസരിച്ച് സ്ഥാപിക്കാനുള്ള ചെലവിലും മാറ്റം വരും. ഒരു കിലോവാട്ട് ശേഷിയുള്ള സോളര്‍ പാനലിന് 60,000ത്തിനും 80,000ത്തിനും ഇടക്കാണ് ഇന്ത്യയിലെ ശരാശരി വില. ഒരു കിലോവാട്ടിന് സബ്‌സിഡിയായി സര്‍ക്കാര്‍ 30,000 രൂപവരെയും രണ്ട് കിലോവാട്ടിന് പരമാവധി 60,000 രൂപയും മൂന്ന് കിലോവാട്ടിന് 78,000 രൂപയും നല്‍കും.

മൂന്ന് കിലോവാട്ട് ശേഷിയുള്ള സോളാര്‍ സിസ്്റ്റം സ്ഥാപിച്ചാല്‍ 250 മുതല്‍ 300 യൂണിറ്റ് വരെ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. ഒരു യൂണിറ്റ് വൈദ്യുതിക്ക് ശരാശരി എട്ട് രൂപ കണക്കാക്കിയാല്‍ പ്രതിമാസം 2,200 രൂപ വരെ വൈദ്യുത ബില്ലില്‍ലാഭം ലഭിക്കും. പ്രതിവര്‍ഷം ലാഭം 26,400 രൂപയായിരിക്കും. ഈ രീതിയില്‍ നാല് വര്‍ഷം കൊണ്ട് സോളാര്‍ പാനലിനായി മുടക്കിയ തുക തിരികെ പിടിക്കാന്‍ സാധിക്കും.

എന്നാല്‍, വായ്പയെടുത്താണ് സോളാര്‍ പാനല്‍ വാങ്ങുന്നതെങ്കില്‍ ഇതിന് വേണ്ടി മുടക്കിയ തിരികെ കിട്ടണമെങ്കില്‍ രണ്ട് വര്‍ഷം കൂടി എടുക്കും. ഒരു സോളാര്‍ പാനലിന്റെ ആയുസ് 25 വര്‍ഷം വരെയാണ്. നാല് വര്‍ഷത്തിന് ശേഷം സോളാര്‍ പാനലില്‍ നിന്നും ലഭിക്കുന്ന വൈദ്യുതി തത്വത്തില്‍ സൗജന്യമാണ്.

Post a Comment

0 Comments