കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഫാൾട്ട നിയോജക മണ്ഡലത്തിൽ റീപോളിങ് നടക്കാനിരിക്കെ നാമനിർദേശ പത്രിക പിൻവലിച്ച് തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി. വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ ടിഎംസിയുടെ ജഹാംഗീർ ഖാൻ ആണ് പത്രിക പിൻവലിച്ചത്. ഫാൾട്ടയിൽ കൂടുതൽ വികസനം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മത്സരരംഗത്തുനിന്ന് പിന്മാറുന്നതായി ജഹാംഗീർ ഖാൻ പ്രഖ്യാപിച്ചത്. അതേസമയം ജഹാംഗീർ ഖാൻ്റെ പിന്മാറ്റം ടിഎംസി നേതൃത്വം അറിഞ്ഞിട്ടില്ല.
"ഞാൻ ഫാൾട്ടയുടെ മകനാണ്. ഫാൾട്ട മണ്ഡലത്തെ എനിക്ക് സമാധാനപരവും ആരോഗ്യപരവും മികച്ചതുമാക്കണം. ഫാൾട്ടയിൽ എനിക്ക് കൂടുതൽ കൂടുതൽ വികസനം വേണം. ഒരു സുവർണ ഫാൾട്ട ആണ് എൻ്റെ സ്വപ്നം. അതിനുവേണ്ടിയാണ് നമ്മുടെ മുഖ്യമന്ത്രി ഫാൾട്ടയുടെ വികസനത്തിന് വേണ്ടി ഒരു പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്നത്. അതുകാരണം ഉപതെരഞ്ഞെടുപ്പിൽനിന്ന് ഞാൻ സ്വയം പിന്മാറുകയാണ്"- ജഹാംഗീർ ഖാൻ പറഞ്ഞു.
അതേസമയം പത്രിക പിൻവലിക്കാനുള്ള ജഹാംഗീർ ഖാൻ്റെ തീരുമാനം ടിഎംസിക്ക് തിരിച്ചടിയാണ്. ഫാൾട്ടയിൽ മത്സരിക്കാനില്ലെന്ന് ജഹാംഗീർ ഖാൻ തീരുമാനിച്ചതായി അറിഞ്ഞുവെന്ന് ടിഎംസി വക്താവ് അരുപ് ചക്രബർത്തി പ്രതികരിച്ചു. എന്നാൽപത്രിക പിൻവലിക്കാനുള്ള കാരണം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രിൽ 29ന് ഫാൾട്ട മണ്ഡലത്തിൽ നടന്ന വോട്ടെടുപ്പിൽ ഗുരുതര ക്രമക്കേടുകൾ നടന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് വോട്ടെടുപ്പ് നടപടികൾ റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരുന്നത്. മണ്ഡലത്തിൻ്റെ പരിധിയിലുള്ള 285 പോളിങ് സ്റ്റേഷനുകളിലെയും വോട്ടെടുപ്പ് നടപടിക്രമങ്ങൾ റദ്ദാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ മെയ് 21 വോട്ടെടുപ്പും 24ന് വോട്ടെണ്ണലും നടത്താൻ തീരുമാനിക്കുകയായിരുന്നു.
ബംഗാളിലെ സൗത്ത് പർഗാനാസ് ജില്ലയിലാണ് ഫാൾട്ട മണ്ഡലം ഉൾപ്പെടുന്നത്. ടിഎംസി ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിയുടെ മണ്ഡലമായ ഡയമണ്ട് ഹാർബറിൻ്റെ പരിധിയിൽ വരുന്ന നിയോജക മണ്ഡലം കൂടിയാണ് ഫാൾട്ട. ബിജെപിക്കായി ദേബാങ്ഷു പാണ്ഡയും കോൺഗ്രസിനായി റസാഖ് മൊല്ലയും സിപിഎമ്മിനായി ശംഭു നാഥ് കുർമിയും ആണ് മത്സരരംഗത്തുള്ളത്.

0 Comments