മോഡലിങ്ങിന്റെ മറവിൽ പീഡനം: കൂടുതൽ യുവതികൾ ഇരകളാക്കപ്പെട്ടതായി പൊലീസ്

 




കൊച്ചി: മോഡലിങ്ങിന്‍റെ മറവിൽ വിദേശത്തെത്തിച്ച് യുവതികളെ പീഡിപ്പിച്ച കേസിൽ കൂടുതൽ യുവതികൾ ഇരകളാക്കപ്പെട്ടതായി പൊലീസ്. കേസിൽ ഇന്നലെ അറസ്റ്റിലായ മാവേലിക്കര സ്വദേശി ബിലാൽ എന്ന ശ്രീകുമാറിന്‍റെ റിമാൻഡ് റിപ്പോർട്ടിലാണ് ഗുരുതര വിവരങ്ങളുള്ളത്. ഇയാൾ നിരവധി യുവതികളെ ദുബൈയിൽ എത്തിച്ച് കമ്മീഷൻ കൈപ്പറ്റിയതായി റിപ്പോർട്ടിലുണ്ട്. പരാതിക്കാരിയെ വിദേശത്തേക്ക് കടത്തുമ്പോൾ ബിലാലും ഒപ്പമുണ്ടായിരുന്നു.

കേസിലെ മറ്റ് പ്രതികളായ സിന്ധു ഉൾപ്പെടെയുള്ളവരുടെ ഇടപാടുകളെ കുറിച്ച് ഇയാൾക്ക് വ്യക്തമായ അറിവുണ്ടായിരുന്നെന്നും ഇവർ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ തെളിവ് ലഭിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ബിലാലിനെ ജൂൺ 5 വരെ എറണാകുളം മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

വലിയ നെറ്റ് വർക്ക് ആയിട്ടാണ് പ്രവർത്തിച്ചിരുന്നതെന്നും പലർക്കും ഇതിൽ നിന്ന് കമ്മീഷൻ തുക ലഭിച്ചിരുന്നതായും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. ഇതൊരു പൂർണമായ കച്ചവടം പോലെയാണ് പ്രതികൾ സംവിധാനിച്ചതെന്നും കൂടുതൽ വിശദമായ അന്വേഷണങ്ങളിലൂടെ ശൃംഖല പൂർണമായും തകർക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ പരാതികൾ ലഭിക്കുന്നുണ്ടെന്നും കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു. വിദേശത്തുള്ള മറ്റ് പ്രതികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കൂടാതെ, പിടിയിലായ അലീനയുടെ സുഹൃത്തും ഗുണ്ടാ നേതാവുമായ ഔറംഗസേബിന് ഈ കേസുമായുള്ള ബന്ധവും പൊലീസ് പരിശോധിച്ചുവരികയാണ്.

Post a Comment

0 Comments