സമാധാന നീക്കങ്ങള്‍ക്ക് തിരിച്ചടി; അമേരിക്ക നിര്‍ദേശിച്ച സമാധാന കരാറിന് ഇറാന്‍ നല്‍കിയ മറുപടി അംഗീകരിക്കാനാകില്ലെന്ന് ട്രംപ്

 



പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി. അമേരിക്ക നിര്‍ദേശിച്ച സമാധാന കരാറിന് ഇറാന്‍ നല്‍കിയ മറുപടി അംഗീകരിക്കാനാകില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. മേഖലയിലുടനീളം യുദ്ധം അവസാനിപ്പിക്കണമെന്നും ഹോര്‍മുസ് കടലിടുക്ക് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കണമെന്നുമാണ് ഇറാന്റെ ആവശ്യം.

ഇറാന്‍ ഇതിനകം വലിയ പരാജയം ഏറ്റുവാങ്ങിയിട്ടുണ്ടെന്നും ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനിക നടപടികള്‍ കടുപ്പിക്കുമെന്നുമാണ് ട്രംപ് നല്‍കിയ മുന്നറിയിപ്പ്. എന്നാല്‍ ഹോര്‍മുസില്‍ വിട്ടുവീഴ്ചക്കില്ലെന്ന മറുപടിയാണ് ഇറാന്‍ അമേരിക്കക്ക് നല്‍കിയതെന്നാണ് സൂചന. മേഖലയിലുടനീളം പ്രത്യേകിച്ച് ലെബനോണില്‍ അടക്കം യുദ്ധം അവസാനിപ്പിക്കണം, ഹോര്‍മുസ് കടലിടുക്ക് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കണം, തുടങ്ങിയ നിര്‍ദേശങ്ങളും ഇറാന്‍ അമേരിക്കക്ക് നല്‍കിയിട്ടുണ്ട്. രാജ്യാന്തര തലത്തില്‍ ഉറപ്പുകള്‍ പാലിക്കപ്പെടണമെന്നും ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, നയതന്ത്ര ചര്‍ച്ച നടക്കുമ്പോഴെല്ലാം അമേരിക്ക സൈനിക നടപടിയെ കുറിച്ച് ആലോചിക്കുകയാണെന്ന് ആരോപിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി രംഗത്തെത്തി.

അതിനിടെ, ഹോര്‍മുസ് കടലിടുക്ക് പ്രതിസന്ധിക്കിടെ വീണ്ടും എണ്ണ വില വര്‍ധിച്ചു. തിങ്കളാഴ്ച ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 3 ഡോളര്‍ ഉയര്‍ന്ന് ബാരലിന് 104.47 ഡോളര്‍ ആയി.

അതേസമയം, ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും അമേരിക്കന്‍ സാമ്പത്തിക സഹായം പൂര്‍ണമായും അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ തയാറെടുക്കുകയാണെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു  അറിയിച്ചു.

Post a Comment

0 Comments