നീറ്റ് യു ജി പരീക്ഷയിലെ ക്രമക്കേടുകളെത്തുടർന്ന് പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് പകരം സുതാര്യമായ മറ്റൊരു സംവിധാനം വേണമെന്ന ആവശ്യവുമായി മെഡിക്കൽ സംഘടനയായ ഫെയ്മ സുപ്രീം കോടതിയെ സമീപിച്ചു. പരീക്ഷാ നടത്തിപ്പിൽ എൻടിഎ പരാജയപ്പെട്ടുവെന്നും കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പുനർപരീക്ഷ നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം ആളിപ്പടരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. അതേസമയം, കേസിൽ സിബിഐ അന്വേഷണം കേരളമടക്കം പത്തോളം സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്.
നാസിക്കിൽ നിന്ന് ആരംഭിച്ചുവെന്ന് കരുതുന്ന ചോദ്യപേപ്പർ ചോർച്ചയുടെ കണ്ണികൾ കേരളത്തിലുമുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തൽ. രാജസ്ഥാൻ പോലീസ് നൽകിയ വിവരമനുസരിച്ച് ചോർന്ന ചോദ്യപേപ്പർ ലഭിച്ച വിദ്യാർത്ഥികളിൽ കേരളത്തിലെ രണ്ട് ജില്ലകളിൽ നിന്നുള്ളവരും ഉൾപ്പെട്ടിട്ടുണ്ട്. കേസ് അന്വേഷണത്തിനായി സിബിഐ നാല് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. നാസിക്കിൽ പിടിയിലായ മുഖ്യപ്രതിയുടെ കൂട്ടാളികൾക്കായി തിരച്ചിൽ ഊർജിതമാക്കിയ അന്വേഷണസംഘം, ഡിജിറ്റൽ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റുകളിലേക്ക് നീങ്ങുകയാണ്.

0 Comments