തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ എൽഡിഎഫ് മുന്നണിക്കുള്ളിലും സിപിഎം, സിപിഐ പാർട്ടികൾക്കുള്ളിലും മുൻ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമെതിരെ കടുത്ത വിമർശനവും അതൃപ്തിയും പുകയുന്നു. ഭരണനേതൃത്വത്തിന്റെ ധാർഷ്ട്യവും പാർട്ടിയിലെ വ്യക്തിപൂജയുമാണ് തിരിച്ചടിക്ക് കാരണമായതെന്നാണ് ഇരുപാർട്ടികളുടെയും താഴേത്തട്ടിലുള്ള യോഗങ്ങളിൽ ഉയരുന്ന പ്രധാന ആക്ഷേപം.
സിപിഎം സംസ്ഥാന നേതാക്കൾ വരെ പങ്കെടുത്ത കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയർന്നത്. പിണറായി പൂർണമായും സ്തുതിപാടകരുടെ പിടിയിലാണെന്ന് യോഗത്തിൽ വിമർശനമുണ്ടായി. വ്യക്തിപൂജക്ക് സമാനമായി ഉയർന്നുവന്ന തിരുവാതിരക്കളി പോലും ആസ്വദിക്കുന്ന അവസ്ഥയിലേക്ക് പിണറായി വിജയൻ എത്തിച്ചേർന്നെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.
'കൊല്ലം ജില്ലയിൽ എത്തിയാൽ മുഖ്യമന്ത്രിക്ക് ഒരു പ്രത്യേക നേതാവിനോട് മാത്രമാണ് താല്പര്യം. ബാക്കിയുള്ള എല്ലാ നേതാക്കളോടും 'തീണ്ടൽ' കാണിക്കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിക്കുന്നത്. അന്തരിച്ച മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വളരെ ഭംഗിയായി നയിച്ചിരുന്ന പാർട്ടിയെ, നിലവിലെ സെക്രട്ടറി എം.വി ഗോവിന്ദൻ ഇല്ലാതാക്കി. എല്ലാ ജില്ലകളിലും ഏകാധിപതികളെ പോലെ പെരുമാറുന്ന നേതാക്കൾ പാർട്ടിക്ക് ശാപമായി മാറിയിരിക്കുകയാണ്'. അവലോകന റിപ്പോർട്ട് വിമർശിച്ചു.
സിപിഎം യോഗങ്ങൾക്ക് പിന്നാലെ സിപിഐ പത്തനംതിട്ട ജില്ലാ കൗൺസിലിലും പിണറായിക്കെതിരെ കടുത്ത ഭാഷയിലാണ് വിമർശനം ഉയർന്നത്. മാധ്യമങ്ങളോടും പൊതുജനങ്ങളോടുമുള്ള പിണറായി വിജയന്‍റെ ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റം ജനങ്ങളിൽ കടുത്ത അതൃപ്തിയുണ്ടാക്കിയെന്നും സിപിഐ വിലയിരുത്തി. വിവാദ വിഷയങ്ങളിൽ പ്രതികരണം തേടിയപ്പോൾ വീട്ടിൽ പോയി ചോദിക്കെന്ന പ്രതികരണം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും വിലയിരുത്തലുണ്ട്.
സിപിഎം നേതൃത്വത്തോടുള്ള സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ മൃദുസമീപനം പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും ജില്ലാ കൗൺസിലിൽ വിമർശനമുയരുകയുണ്ടായി. മുന്നണി മര്യാദകൾ കാത്തുസൂക്ഷിക്കുമ്പോഴും തെറ്റായ നയങ്ങളെ ശക്തമായി എതിർക്കാൻ സെക്രട്ടറിക്ക് കഴിയുന്നില്ലെന്ന വികാരം സിപിഐയിൽ ശക്തമാണ്.

0 Comments