കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ മുൻ മുഖ്യമന്ത്രി മമത ബാനർജി പാർട്ടി സംഘടനയെ വീണ്ടും കെട്ടിപ്പടുക്കാൻ തൃണമൂൽ കോൺഗ്രസ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. എന്നാൽ, ഈ ഘട്ടത്തിൽ തനിക്കൊപ്പം നിൽക്കാൻ താല്പര്യമില്ലാത്തവർക്ക് വ്യക്തമായ ഒരു മുന്നറിയിപ്പും അവർ നൽകിയിട്ടുണ്ട്.
വെള്ളിയാഴ്ച കാളിഘട്ടിലെ വസതിയിൽ തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പങ്കെടുത്ത യോഗത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയെങ്കിലും പാർട്ടി വീണ്ടും ഉയർന്നുവരുമെന്ന് മമത പറഞ്ഞതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പാര്‍ട്ടി പുനർനിർമാണ പ്രക്രിയയിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അവര്‍ വ്യക്തമാക്കി. ''മറ്റ് പാര്‍ട്ടികളിലേക്ക് പോകാൻ ആഗ്രഹിക്കുന്നവര്‍ക്ക് പോകം. ഞാനെന്തായാലും പാര്‍ട്ടിയെ ഉടച്ചുവാര്‍ക്കും. തകർന്ന പാർട്ടി ഓഫീസുകൾ പുനർനിർമിക്കുക, പെയിന്‍റ് ചെയ്യുക, വീണ്ടും തുറക്കുക...ഇവിടെ തുടരാൻ ആഗ്രഹിക്കുന്നവരോട് എനിക്കിതാണ് പറയാനുള്ളത്. തൃണമൂൽ കോൺഗ്രസ് ഒരിക്കലും ആരുടെ മുന്നിലും തല കുനിക്കില്ല. ജനങ്ങളുടെ വിധി കൊള്ളയടിക്കപ്പെട്ടു'' മമത പറഞ്ഞു.
"പലരും മറ്റ് പാർട്ടികളിലേക്ക് പോകുമെന്ന് എനിക്കറിയാം. അവർക്ക് അവരുടേതായ തീരുമാനങ്ങളുണ്ടാകാം. അതിനെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. പോകാൻ ആഗ്രഹിക്കുന്നവർക്ക് പോകാം. ആരെയും ബലപ്രയോഗത്തിലൂടെ തടഞ്ഞുനിർത്തുന്നതിൽ ഞാൻ ആഗ്രഹിക്കുന്നില്ല," മെയ് 5 ന് ഒരു പത്രസമ്മേളനത്തിൽ അവർ വ്യക്തമാക്കിയിരുന്നു. "തൃണമൂൽ കോൺഗ്രസ് ഒരു കുടുംബമായി ഒറ്റക്കെട്ടായി നിൽക്കുന്നു. ജനങ്ങളുടെ വിധിയെ കൊള്ളയടിക്കുന്നവർക്ക് മുന്നിൽ ഞങ്ങൾ ഒരിക്കലും തലകുനിക്കില്ല. സത്യം ജയിക്കും," ടിഎംസി ഔദ്യോഗിക ഹാൻഡിൽ എക്സിൽ കുറിച്ചു.
2026-ൽ നടന്ന പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് കനത്ത പരാജയമാണ് നേരിടേണ്ടി വന്നത്. ആകെയുള്ള 294 സീറ്റുകളിൽ ബിജെപി 207 സീറ്റുകളോടെ ചരിത്ര വിജയം നേടിയപ്പോൾ, കഴിഞ്ഞ 15 വർഷമായി ഭരണം കയ്യാളിയിരുന്ന തൃണമൂൽ കോൺഗ്രസ് വെറും 80 സീറ്റുകളിലേക്ക് ഒതുങ്ങി. മമതയുടെ സ്വന്തം തട്ടകമായ ഭവാനിപൂരിൽ മുൻ അനുയായിയും ബിജെപി നേതാവുമായ സുവേന്ദു അധികാരിയോട് അവർ പരാജയപ്പെട്ടു.നിരവധി പ്രമുഖ നേതാക്കളും മന്ത്രിമാരും തോറ്റു.
.jpeg)
0 Comments