നെടുംപൊയിൽ ചുരത്തിൽ കന്നുകാലി ലോറി അപകടത്തിൽപ്പെട്ടു; അഗ്നിരക്ഷാസേനയുടെ സാഹസിക രക്ഷാപ്രവർത്തനത്തിൽ 10 ജീവനുകൾ രക്ഷപ്പെട്ടു

 




കേളകം: മൈസൂരിൽ നിന്ന് ഉളിക്കലിലേക്ക് കന്നുകാലികളുമായി വന്ന ലോറി നെടുംപൊയിൽ ചുരത്തിൽ അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട ലോറി റോഡരികിൽ നിന്ന് ഏകദേശം 30 അടി താഴ്ചയിലേക്ക് പതിച്ചതോടെയാണ് അപകടമുണ്ടായത്. വാഹനത്തിൽ രണ്ട് ജീവനക്കാരും എട്ട് പോത്തുകളും ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു.

അപകടവിവരം ലഭിച്ചതിനെ തുടർന്ന് പേരാവൂർ അഗ്നിരക്ഷാ നിലയത്തിലെ സംഘം സ്റ്റേഷൻ ഓഫീസർ മെഹറൂഫ് വാഴൂത്തിന്റെ നേതൃത്വത്തിൽ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. താഴ്ചയിലേക്ക് ചരിഞ്ഞ് വീഴാനൊരുങ്ങി അപകടാവസ്ഥയിൽ നിന്നിരുന്ന ലോറി കപ്പിയും റോപ്പും ഉപയോഗിച്ച് ഉറപ്പിച്ച ശേഷമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബാബു അയോട്ടൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുനി ജോർജ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വിജേഷ് സി.പി., അനോഗ്, റിനു, ജിതിൻ, പ്രിയേഷ് എന്നിവർ അതിസാഹസികമായി ലോറിയുടെ ഉള്ളിലേക്ക് കടന്ന് കുടുങ്ങിക്കിടന്ന രണ്ട് ജീവനക്കാരെയും എട്ട് പോത്തുകളെയും സുരക്ഷിതമായി പുറത്തേക്കെത്തിച്ചു.

കുത്തനെയുള്ള മലഞ്ചെരിവും അപകടഭീഷണിയും മറികടന്നാണ് അഗ്നിരക്ഷാസേന രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്. അപകടത്തിൽപ്പെട്ടവർക്കും കന്നുകാലികൾക്കും കാര്യമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം.

സംഭവസ്ഥലത്ത് കേളകം പോലീസ് എസ്.ഐ. ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും എത്തി സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുകയും രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്തു.

അഗ്നിരക്ഷാസേനയുടെ സമയോചിതവും ധീരവുമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കാൻ സഹായിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.

Post a Comment

0 Comments