തൃശൂര്‍: മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ അക്കര അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കും. ജൂണ്‍ 30ന് പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് അനില്‍ അക്കര സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്റെ നിലവിലെ പ്രസിഡന്റ് കൂടിയാണ് അനില്‍ അക്കര. ഈ രണ്ട് പ്രധാന സ്ഥാനങ്ങള്‍ ഒരുമിച്ച് വഹിക്കുന്നത് പ്രായോഗികമല്ലെന്നും പഞ്ചായത്തില്‍ പുതിയ നേതാക്കള്‍ക്ക് അവസരം ലഭിക്കണമെന്നും അനില്‍ അക്കര പറഞ്ഞു.
ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പാര്‍ട്ടി ചോദിച്ചത്, 'അടാട്ട് ഗ്രാമപഞ്ചായത്ത് തിരികെ പിടിക്കാന്‍ കഴിയുമോ?' എന്നായിരുന്നു. അതിന് ആത്മവിശ്വാസത്തോടെ കഴിയുമെന്ന് മറുപടി നല്‍കിയിരുന്നുവെന്നും അനില്‍ അക്കര ചൂണ്ടിക്കാട്ടി.
ഒരാളുടെ അവസരം മറ്റൊരാള്‍ തടസപ്പെടുത്തരുതെന്ന് പാര്‍ട്ടിയില്‍ പാര്‍ട്ടിയില്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പ്രസിഡന്റ് സ്ഥാനം ഒഴിയാനുള്ള തീരുമാനം കൈകൊണ്ടത്. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡ് മെമ്പറായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.
'ഞാന്‍ പ്രസിഡന്റായി തുടരുന്നതിന് ആര്‍ക്കും എതിര്‍പ്പുണ്ടാകില്ലായിരുന്നു. എന്നാല്‍ ഞാന്‍ ആ സ്ഥാനത്ത് തുടരുകയാണെങ്കില്‍ രണ്ട് സഹപ്രവര്‍ത്തകര്‍ക്ക് പ്രസിഡന്റാകാനുള്ള അവസരം ലഭിക്കാന്‍ വീണ്ടും വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വരും. അത് ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് ഇന്ന് പ്രസിഡന്റ് എന്നതും മെമ്പര്‍ എന്നതും സ്ഥാനങ്ങള്‍ മാത്രമാണ്. ജനസേവനമാണ് എന്നും എന്റെ ലക്ഷ്യം,' അനില്‍ അക്കര വ്യക്തമാക്കി.
അടുത്ത രണ്ട് വര്‍ഷം ഇരുപതാം വാര്‍ഡ് മെമ്പര്‍ പി.ജെ സണ്ണിയും, ശേഷിക്കുന്ന കാലയളവില്‍ ഒന്‍പതാം വാര്‍ഡ് മെമ്പര്‍ ടി.ഡി വില്‍സണും പ്രസിഡന്റ് പദവി വഹിക്കുമെന്നും അനില്‍ അക്കര അറിയിച്ചു.
വടക്കാഞ്ചേരി മുന്‍ എംഎല്‍എ കൂടിയായിരുന്ന അനില്‍ അക്കര കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

0 Comments