തിരുവനന്തപുരത്തെ ബിജെപി കൗൺസിലർ സുഗതനെതിരെ വധശ്രമം ഉൾപ്പെടെ 19 കേസുകൾ




 തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ വാഴോട്ടുകോണം ബിജെപി കൗൺസിലർ സുഗതനെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് 19 കേസുകൾ. വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകളാണ് ചുമത്തിരിക്കുന്നത്. സുഗതന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ വട്ടിയൂർക്കാവ് എസ്എച്ച്ഒയുടെ വീട്ടിലേക്ക് മാർച്ച് നടത്തി.

തിരുവനന്തപുരം നഗരസഭ കൗൺസിലർ സുഗതന്‍റെ അറസ്റ്റിന് പിന്നാലെ പൊലീസ് നടപടിയെ വിമർശിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. വട്ടിയൂർക്കാവിൽ പൊതുജനങ്ങൾക്ക് വേണ്ടി പൊരുതി നിന്നതിന്‍റെ പേരിലാണ് സുഗതനെതിരെ കേസുകളെന്നായിരുന്നു മുൻ ഡിജിപി ആർ. ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചത്. എന്നാൽ പൊതുജന വിഷയത്തിൽ ഇടപെട്ടുകൊണ്ടുള്ള ഏതെങ്കിലും സമരങ്ങളുടെ പേരിൽ മാത്രമല്ല സുഗതനെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നാണ് വ്യക്തമാവുന്നത്. സുഗതനെതിരെ വട്ടിയൂർക്കാവ് സ്റ്റേഷനിൽ മാത്രം 18 കേസുകൾ ഉണ്ട്. ഒരെണ്ണം നെടുമങ്ങാടും. എല്ലാ കേസുകളിലും സുഗതനാണ് ഒന്നാം പ്രതി.

നാലു വധശ്രമക്കേസുകൾ ഉണ്ട്. ലഹളയുണ്ടാക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങി കുറ്റങ്ങൾ ചുമത്തിയും കേസുണ്ട്. 18 കേസുകളിൽ പൊലീസ് കുറ്റപത്രം സർപ്പിച്ചിട്ടുണ്ട്. 2023ലും 2025 ലും സുഗതനെ നാടുകടത്തിക്കൊണ്ട് ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. തിരികെ എത്തിയശേഷം വധശ്രമ കേസിലും പ്രതിയായി. ഒളിവിൽ കഴിയുമ്പോഴാണ് പൊലീസിന്‍റെ നാടകീയ അറസ്റ്റ്. സുഗതന്‍റെ അറസ്റ്റ് പ്രതിഷേധിച്ച് വട്ടിയൂർക്കാവ് എസ് എച്ച് ഒ വിപിൻ്റെ വീട്ടിലേക്ക് യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പൊലീസ് അറസ്റ്റ് ചെയ്ത സുഗതനെ റിമാന്‍ഡ് ചെയ്തിരുന്നു. നിലവിൽ വിയ്യൂർ ജയിലിൽ ആണുള്ളത്.

Post a Comment

0 Comments