നീറ്റ് യുജി 2026 പരീക്ഷാ സമയത്തിൽ മാറ്റം, 15 മിനിറ്റ് അധികം ലഭിക്കും

 




ന്യൂഡൽഹി: 2026 ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് യുജി പരീക്ഷയിൽ വിദ്യാർത്ഥികൾക്കായി സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി. പരീക്ഷാ സമയം വർദ്ധിപ്പിച്ചതും ചോദ്യപേപ്പറിന്റെ ഘടനയിൽ വരുത്തിയ മാറ്റങ്ങളുമാണ് ഇതിൽ പ്രധാനം. ജൂൺ 12-ന് പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തിലാണ് എൻടിഎ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

പരീക്ഷാ സമയം 195 മിനിറ്റായി ഉയർത്തി

വിദ്യാർഥികളിൽ നിന്നുള്ള മുൻവർഷങ്ങളിലെ പ്രതികരണങ്ങൾ കണക്കിലെടുത്ത് പരീക്ഷാ സമയം 195 മിനിറ്റായി (3 മണിക്കൂർ 15 മിനിറ്റ്) എൻടിഎ പുതുക്കി നിശ്ചയിച്ചു. ഉച്ചയ്ക്ക് 2:00 മണി മുതൽ വൈകിട്ട് 5:15 വരെയാണ് പരീക്ഷാ സമയം. അറ്റൻഡൻസ് ഷീറ്റിൽ ഒപ്പിടൽ, ഇൻവിജിലേഷൻ നടപടികൾ തുടങ്ങിയ പരീക്ഷയ്ക്ക് മുന്നോടിയായുള്ള ഔദ്യോഗിക കാര്യങ്ങൾക്കായി വിദ്യാർത്ഥികളുടെ എഴുത്തുസമയം നഷ്ടപ്പെടാതിരിക്കാനാണ് 15 മിനിറ്റ് അധികമായി അനുവദിച്ചിരിക്കുന്നത്.

റഫ് വർക്കിനായി കൂടുതൽ സ്ഥലം

ചോദ്യപേപ്പറിലെ റഫ് വർക്കിനായുള്ള പേജുകളുടെ എണ്ണം രണ്ടിൽ നിന്ന് നാലായി ഉയർത്തിയിട്ടുണ്ട്. കണക്കുകൾ ചെയ്യാനും ഡയഗ്രമുകൾ വരയ്ക്കാനും വിദ്യാർത്ഥികൾക്ക് ഇനി കൂടുതൽ സ്ഥലം ലഭിക്കും.

ചോദ്യപേപ്പർ ബുക്ക്‌ലെറ്റിന്റെ ഘടനയിലും മാറ്റമുണ്ട്:

മുൻപ് ബുക്ക്‌ലെറ്റിന്റെ ഏറ്റവും അവസാനത്തിൽ മാത്രമായിരുന്നു റഫ് പേജുകൾ ഉണ്ടായിരുന്നത്.

പുതിയ മാറ്റപ്രകാരം രണ്ട് റഫ് പേജുകൾ നിർദേശങ്ങൾ അടങ്ങിയ ഭാഗത്തിന് പിന്നാലെയും, ബാക്കി രണ്ട് പേജുകൾ ബുക്ക്‌ലെറ്റിന്റെ അവസാനത്തിലും നൽകും.

ഇംഗ്ലീഷ്, മറ്റ് പ്രാദേശിക ഭാഷകളിലുള്ള എല്ലാ ചോദ്യപേപ്പറുകൾക്കും ഈ മാറ്റം ബാധകമായിരിക്കും. ഇടംകൈയ്യരായ വിദ്യാർഥികൾക്ക് പഴയ രീതി ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ ക്രമീകരണം.

Post a Comment

0 Comments