നിപ: പുതിയ രോഗബാധയില്ല, സമ്പർക്കപ്പട്ടികയിലുള്ള 8 പേരുടെ പരിശോധനാഫലംകൂടി നെഗറ്റീവ്



കോഴിക്കോട്: ജില്ലയിൽ ജൂൺ 11-ന് ഒരാൾക്ക് നിപ സ്ഥിരീകരിച്ചതിനുശേഷം സംസ്ഥാനത്ത് പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഞായറാഴ്ച ലഭിച്ച എട്ടുപേരുടേത് ഉൾപ്പെടെ 11 പേരുടെയും പരിശോധനാഫലം നെഗറ്റീവ് ആണ്. രോഗിയുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരിൽ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഇവരുടെ സ്രവം പരിശോധനയ്ക്ക് വിധേയമാക്കിയത്.

നിപ രോഗബാധിതൻ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. രോഗിക്ക് റിബാവറിൻ മരുന്ന് ആദ്യംമുതലേ നൽകിയിരുന്നു. മോണോക്ലോണൽ ആന്റിബോഡി ആദ്യ ഡോസ് ജൂൺ 12-ന് നൽകി. റെംഡിസിവർ മരുന്ന് ആദ്യ ഡോസ് ഞായറാഴ്ച പുലർച്ചെ രോഗിക്ക് നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെയും ഐ.സി.എം.ആർ ന്റെയും നിലവിലെ മാനദണ്ഡപ്രകാരം കൃത്യമായ ചികിത്സയാണ് രോഗിക്ക് നൽകുന്നതെന്നും മന്ത്രി അറിയിച്ചു.

ആരോഗ്യമന്ത്രി കെ. മുരളീധരന്റെ നേതൃത്വത്തിൽ രാവിലെ കോഴിക്കോട് കളക്ടറേറ്റിൽ അവലോകനയോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ്, അഡീഷണൽ സെക്രട്ടറി ഡോ. രേണുരാജ്, ജില്ലാ കളക്ടർ മാധവിക്കുട്ടി എം.എസ്, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. മീനാക്ഷി വി, ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ഡോ. കെ.വി വിശ്വനാഥൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി.പി രാജേഷ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സജീത് കുമാർ, സൂപ്രണ്ട് ഡോ. ശ്രീജയൻ മറ്റ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് മെഡിക്കൽ കോളേജ് സന്ദർശിച്ച ആരോഗ്യ മന്ത്രി ഡോക്ടർമാരുമായും നഴ്‌സിംഗ് ജീവനക്കാരുമായും ആശയവിനിമയം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.

ഞായറാഴ്ച സമ്പർക്കപ്പട്ടികയിൽ 3 പേരെക്കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്നുപേരും കുറഞ്ഞ റിസ്‌ക് വിഭാഗത്തിലുള്ളവരാണ്. ഇതോടെ നിലവിൽ സമ്പർക്ക പട്ടികയിൽ 103 പേരാണുള്ളത്. ഇതിൽ 4 പേർ വളരെ ഉയർന്ന റിസ്‌ക് വിഭാഗത്തിൽ പെട്ടവരും 14 പേർ ഉയർന്ന റിസ്‌ക് വിഭാഗത്തിൽപെട്ടവരും 85 പേർ കുറഞ്ഞ വിഭാഗത്തിൽപ്പെട്ടവരും ആണ്. സമ്പർക്ക പട്ടികയിൽ 45 പേർ ആരോഗ്യപ്രവർത്തകരാണ്.

രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ 5-ലെ 320 വീടുകളിലെ 1047 പേരെ രോഗലക്ഷണങ്ങൾ ഉണ്ടോ എന്നറിയാൻ സർവ്വേ നടത്തി. ആർക്കും തന്നെ നിലവിൽ നിപ രോഗ ലക്ഷണങ്ങൾ ഇല്ല. സമ്പർക്കപ്പട്ടികയിലെ എല്ലാവരെയും ജില്ലാ നിപ കൺട്രോൾ സെല്ലിൽ നിന്നും ദിവസവും രണ്ടുനേരം ഫോണിൽ ബന്ധപ്പെടുന്നുണ്ട്. കൂടാതെ പ്രദേശത്തെ ആരോഗ്യപ്രവർത്തകരും ഇവരെ ബന്ധപ്പെടുന്നുണ്ട്. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ഇതുവരെ സമ്പർക്കത്തിലുള്ള 93 പേരെ വിളിക്കുകയും മാനസിക പിന്തുണ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.

നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എത്തിയ കേന്ദ്രസംഘം ഇന്ന് മേലേവാരം അർബൻ ഹെൽത്ത് സെന്റർ, രാമനാട്ടുകര നഗരസഭ കാര്യാലയം എന്നിവിടങ്ങളിൽ ആരോഗ്യ പ്രവർത്തകരുമായും തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുമായും ചർച്ച നടത്തി. തുടർന്ന് രോഗിയുടെ വീടും പരിസരപ്രദേശങ്ങളിലും സംഘം സന്ദർശിച്ച് പരിശോധന നടത്തുകയും രാമനാട്ടുകര നഗരസഭ പരിധിയിലെ വവ്വാലുകളുടെ ആവാസകേന്ദ്രം ഉൾപ്പെടെ രോഗി സന്ദർശിച്ച സ്ഥലങ്ങളിൽ വിശദമായി നിരീക്ഷണം നടത്തുകയും ചെയ്തു.

Post a Comment

0 Comments