ഹോർമുസിൽ ചരക്കുകപ്പലിന് നേരെ വീണ്ടും ആക്രമണം; ഇറാൻ-അമേരിക്ക സമാധാനനീക്കം പ്രതിസന്ധിയിൽ

 



തെഹ്റാൻ: ഹോർമുസിൽ ചരക്കുകപ്പലിന് നേർക്ക് വീണ്ടും ആക്രമണം നടന്നതോടെ ഇറാൻ-അമേരിക്ക സമാധാനനീക്കം പ്രതിസന്ധിയിൽ. വെളുപ്പിന് ഇറാൻ നഗരത്തിനുനേർക്ക് അമേരിക്ക നടത്തിയ ആക്രമണത്തിന് മറുപടിയായി ബഹ്റൈനിലെ യുഎസ് സൈനിക കേന്ദ്രത്തിനു നേരെ ഇറാൻ തിരിച്ചടി നൽകി.

ഹോർമുസിൽ എണ്ണക്കപ്പലിന് നേരെയാണ് ആക്രമണം നടന്നത്. ഡ്രോൺ പതിച്ച് കപ്പലിന് കാര്യമായ നാശനഷ്ടം നേരിട്ടതായാണ് റിപ്പോർട്ട്. എന്നാൽ ജീവനക്കാർ സുരക്ഷിതരാണ്. കഴിഞ്ഞ ദിവസമാണ് 'എവർ ലവ്‌ലി' എന്ന സിംഗപ്പൂർ പതാകയേന്തിയ കപ്പലിന് നേർക്ക് ആക്രമണം നടന്നത്. അതിനുള്ള തിരിച്ചടി എന്ന നിലക്കാണ് ഇന്ന് വെളുപ്പിന് ഇറാനിലെ സിറിക്ക് തുറമുഖത്തിന് സമീപമുള്ള മിസൈൽ, ഡ്രോൺ സംഭരണ കേന്ദ്രങ്ങൾക്കും റഡാർ സൈറ്റുകൾക്കും നേരെ ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. എന്നാൽ കാര്യമായ നാശനഷ്ടമൊന്നും സംഭവിച്ചില്ലെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താമസിയാതെ ബഹ്റൈനിലെ യുഎസ് നാവിക കേന്ദ്രത്തിന് നേരെ ഡ്രോണുകൾ അയച്ചായിരുന്നു ഇറാന്‍റെ പ്രത്യാക്രമണം.

ആക്രമണം തുടർന്നാൽ ഇതിനേക്കാൾ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അമേരിക്കക്ക് മുന്നറിയിപ്പും നൽകി. ഒമാൻ തീരത്തോട് ചേർന്നുള്ള ബദൽ കപ്പൽപാതയിലെ സൗകര്യം മെച്ചപ്പെടുത്തുമെന്ന യുഎസ് നാവികസേനയുടെ പ്രഖ്യാപനത്തോടെ സംഘർഷം കൂടുതൽ വ്യാപിച്ചേക്കുമെന്ന ആശങ്ക ശക്തമായി. ചർച്ചകൾ അന്തിമമാകുന്നത് വരെ ആക്രമണങ്ങൾ പാടില്ലെന്നാണ് ഇറാൻ-അമേരിക്ക ധാരണാപത്രത്തിലെ വ്യവസ്ഥ.

Post a Comment

0 Comments